
കോട്ടയം: തന്റെ നിർദ്ദേശം പാലിക്കാതെ കാമുകി ബംഗളൂരുവിൽ നഴ്സിംഗ് പഠനത്തിന് പാേയതിൽ മനംനാെന്ത് കാമുകൻ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വയലിൽ തളർന്നുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രാത്രിമുഴുവൻ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നെന്നാണ് പെൺകുട്ടി പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്.
കഴിഞ്ഞ ദിസവമാണ് അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹോമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപുവിനെ (22) ചീപ്പുങ്കൽ പാലത്തിന് പടിഞ്ഞാറു ഭാഗത്ത് ഇറിഗേഷൻ വകുപ്പിപ്പിന്റെ ചിറയ്ക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഗോപുവും പെൺകുട്ടിയും കാടുപിടിച്ച് കിടക്കുന്ന തകർന്ന കെട്ടിടത്തിനുള്ളിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകിയുമായി വഴക്കുണ്ടായെന്നും അതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിച്ചും ഒരു ലേഡീസ് ബാഗും മൊബൈൽഫോണും സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
യുവാവിന്റെ മരണം കണ്ട് ഭയന്ന പെൺകുട്ടി കുറ്റിക്കാട്ടിൽ ഒളിച്ചതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പകൽ സമയത്തുപോലും ആരും പോകാൻ മടിക്കുന്ന സ്ഥലത്ത് ഒരു രാത്രിമുഴുവൻ പെൺകുട്ടി ഒളിച്ചിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.