 
ഉയിരേ എന്ന ഗാനത്തിലൂടെ അഭിനന്ദനങ്ങൾ വാരിക്കൂട്ടുന്ന ഗായിക നാരായണി ഗോപനോടൊപ്പം.
പ്രശസ്ത ഗായകൻ കല്ലറ ഗോപന്റെ മകളായ നാരായണിയുടെ മനസ് നിറയെ പാട്ടാണ്...
ഉയിർ തൊടുന്ന ആ പാട്ടിന്റെ മധുരത്തിലാണിപ്പോഴും  മലയാളികൾ. മിന്നൽ മുരളി എന്ന ചിത്രത്തിലെ 'ഉയിരേ ഒരു ജന്മം നിന്നെ അറിയാതെ പോകെ ഞാനും" എന്ന പാട്ട് സിനിമ ഇറങ്ങി നാളുകൾ പിന്നിട്ടിട്ടും ആരുടെയും മനസിൽ നിന്നും മാഞ്ഞുപോയിട്ടില്ല. സോഷ്യൽ മീഡിയയിലെ റീൽസുകളിലുൾപ്പെടെ ഈ പാട്ട് പല രൂപങ്ങളിൽ ഓരോ നിമിഷവും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രണയവും വിരഹവും നിറച്ച് മനു മഞ്ജിത്ത് എഴുതി ഹൃദയം കൊണ്ട് ഷാൻ റഹ്മാൻ ഈണമിട്ട ഈ പാട്ട്പാടിയത് നാരായണി ഗോപനും മിഥുൻ ജയരാജുമാണ്. ഈ പാട്ട് നൽകിയ അഭിനന്ദനങ്ങൾ മനസു നിറച്ച സന്തോഷത്തിലാണ് നാരായണി. പ്രശസ്ത ഗായകൻ കല്ലറ ഗോപന്റെ  മകളാണ് നാരായണി. പാട്ടിനെ കുറിച്ച് ഒന്നും തീരുമാനിക്കാതിരുന്ന കാലത്ത് പാട്ട് തിരികെ വിളിച്ച അനുഭവവും നാരായണിക്ക് പറയാനുണ്ട്.
പാട്ട് വന്ന വഴി
സീ കേരളയിൽ സംപ്രേക്ഷണം ചെയ്ത 'സരിഗമപ" റിയാലിറ്റി ഷോയിൽ രണ്ടുവർഷം മുമ്പ് ഞാൻ പങ്കെടുത്തിരുന്നു. സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ആ പരിപാടിയുടെ വിധികർത്താവായിരുന്നു. അങ്ങനെ എന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടാണ് 'ഉയിരെ" എന്ന പാട്ടിന് ട്രാക്ക് പാടാൻ വിളിച്ചത്. കൂടെ മിഥുൻ ചേട്ടനു (മിഥുൻ ജയരാജ്) മുണ്ടായിരുന്നു. അങ്ങനെ പാട്ട് കേട്ടപ്പോൾ ഓകെയാണെന്ന് പറഞ്ഞു. ആ സമയത്ത് തന്നെ ഷാനിക്ക ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടുണ്ടായിരുന്നു പാട്ടിനെ കുറിച്ച് പറഞ്ഞ്. 2019 ലാണ് പാട്ട് റെക്കാർഡ് ചെയ്തത്. 
 
കൊവിഡ് കാലത്താണ് പാട്ട് ഫൈനലായത്. രണ്ടുവർഷത്തോളം കാത്തിരിക്കേണ്ടി വന്നെങ്കിലും പാട്ട് കേട്ട് ഈ നിമിഷം വരെയുള്ള അഭിനന്ദനങ്ങളും നല്ല വാക്കുകളും അത്ര സന്തോഷം തരുന്നുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ റീൽസിലും മറ്റും ഈ പാട്ട് തന്നെ കാണുമ്പോൾ ആ സന്തോഷം ഇരട്ടിയാകുന്നു. നേരത്തെ പാട്ട് വന്നപ്പോൾ ഇത്രയധികം പ്രതികരണങ്ങളുണ്ടായിരുന്നില്ല. സിനിമ ഇറങ്ങി ആ കഥാപാത്രങ്ങളിലൂടെ പാട്ട് പുറത്തെത്തിയപ്പോഴാണ് അഭിനന്ദനങ്ങൾ ലഭിച്ചത്. സംവിധാന മികവും  സിനിമയുടെ കൂട്ടായ്മയുമെല്ലാം പാട്ടിന്റെ ഭംഗിയും വർദ്ധിപ്പിച്ചു. ഷാനിക്ക ചെയ്ത പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത്. പാടുമ്പോൾ തന്നെ നല്ലൊരു പാട്ടാണല്ലോ എന്ന ഇഷ്ടം ഈ പാട്ടിനോടുണ്ട്. ഒരുപാട് തവണ ഞാനും ആവർത്തിച്ചു കേട്ടിട്ടുണ്ട്. മനസിൽ തങ്ങി നിൽക്കുന്ന ഒരു പ്രത്യേക ഫീലിംഗ്  തോന്നും. അതേ പോലെ പ്രണയം, വിരഹം, വേദന എന്നിവയൊക്കെ ഈ പാട്ടിലുണ്ട്. പാടുമ്പോൾ സിനിമയുടെ സിറ്റുവേഷനെ കുറിച്ച് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. എങ്കിൽ പോലും സിനിമ  കണ്ടപ്പോഴാണ് ഈ പാട്ട് കഥയുമായും കഥാപാത്രങ്ങളുമായും എത്രത്തോളം അലിഞ്ഞുചേർന്നിട്ടുണ്ടെന്ന് മനസിലാകുന്നത്.
കൂടെ നിൽക്കുന്ന അച്ഛൻ
കുട്ടിക്കാലത്തെ ഏറ്റവും തെളിച്ചമുള്ള ഓർമ്മ അച്ഛന്റെ പാട്ടും സംഗീത പരിപാടികളും ഒക്കെ തന്നെയാണ്. വീട്ടിൽ എപ്പോഴും പാട്ടുണ്ടായിരുന്നു. അമ്മ ശർമ്മിളയും സംഗീതം പഠിച്ചതാണ്. അതുകൊണ്ട് തന്നെ പാട്ടുമായി ബന്ധപ്പെട്ട വർത്തമാനങ്ങളും മിക്കപ്പോഴുമുണ്ട്. സംഗീതത്തോട് അന്നു മുതലേ അടുപ്പമുണ്ടെങ്കിലും അതിൽ ഞാൻ മുന്നോട്ടു പോകുമോ എന്ന ഉറപ്പൊന്നും എനിക്കില്ലായിരുന്നു. ബാംഗ്ളൂരിൽ ഒരു എൻ.ജി.ഒയിൽ ഞാൻ ജോലി ചെയ്ത സമയത്താണ് എന്റെ സന്തോഷം മുഴുവൻ സംഗീതത്തിലാണുള്ളതെന്ന ബോദ്ധ്യം എനിക്കുണ്ടാകുന്നത്. അങ്ങനെ ജോലി വിട്ട് ഞാൻ നാട്ടിലെത്തുന്ന സമയത്താണ് ഈ റിയാലിറ്റി ഷോയുടെ ഓഡിഷൻ നടക്കുന്നത്. ഒന്നു നോക്കാമെന്ന് വിചാരിച്ചാണ് ഓഡിഷനിൽ പങ്കെടുത്തത്. ആ സമയത്ത് സർക്കാരിന്റെ 'കാവൽ" പ്രൊജക്ടിൽ കേസ് വർക്കറായി കരാർ അടിസ്ഥാനത്തിൽ ജോലി ലഭിച്ചു. 

പഠനകാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നതിൽ അച്ഛന് വലിയ നിർബന്ധമാണ്. ജോലി ലഭിക്കുന്നതിന് നമ്മൾക്ക് കഴിവുണ്ടായിരിക്കണമെന്ന കാര്യം എപ്പോഴും ഓർമ്മിപ്പിക്കും. എനിക്ക് വേണ്ടി ആരുടെ അടുത്തെങ്കിലും പറയുകയോ  അങ്ങനെ ഒന്നും തന്നെ ചെയ്തിട്ടോ ഇല്ല. നമ്മൾ സ്വന്തമായി തന്നെ കരിയറിൽ മുന്നോട്ട് പോകണമെന്ന പക്ഷക്കാരനാണ് അച്ഛൻ, അതാണ് ശരിയും. സംഗീതപഠനത്തിൽ ഉപേക്ഷയുണ്ടാകരുത്, എപ്പോഴും പരിശീലിക്കണമെന്നേ അച്ഛൻ ഓർമ്മിപ്പിക്കാറുള്ളൂ. കച്ചേരി ചെയ്യാനുള്ള കഴിവുണ്ടാകണം എന്നു മാത്രമേ പറയാറുള്ളൂ. പഠിക്കുന്ന കാലത്ത് ഞങ്ങളുടെ മാർക്കിലോ റാങ്കിലോ ഒന്നും അച്ഛൻ ആകുലപ്പെട്ടിരുന്നില്ല. നന്നായി പെരുമാറണം എന്ന കാര്യത്തിൽ വലിയ ചിട്ടയായിരുന്നു. അച്ഛന് റിയാലിറ്റി ഷോകളോട് വലിയ താത്പര്യമില്ല. പക്ഷേ, ഞാൻ മത്സരിക്കാൻ താത്പര്യമുള്ള കാര്യം പറഞ്ഞപ്പോൾ വേണമെന്നോ വേണ്ടന്നോ ഒന്നും പറഞ്ഞില്ല. റിസൽട്ട് എന്തായാലും അത് സ്വീകരിക്കാനുള്ള പ്രായമായിട്ടാവാം എന്നു കരുതിയാകണം. അച്ഛൻ എന്റെ കാര്യത്തിലൊന്നും ഇടപെടാറില്ല. അച്ഛൻ ഷോ കണ്ടിട്ടുണ്ടോ എന്നു പോലും അറിയില്ല. ഒരു തവണ ഷോയിൽ ഗസ്റ്റായി വന്നിരുന്നു. 

ഇടവേളയുണ്ടായിരുന്നു
രണ്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി 'വിന്റർ" എന്ന സിനിമയിൽ പാടിയത്. എന്നാൽ പ്രൊഫഷണലായി പാടിയ ഗാനം 'ലവ് ആക്ഷൻ ഡ്രാമ" യിലെ 'രാത്തേൻ" ആണ്. ഷൈലോക്ക്, പിന്നെ പ്രീസ്റ്റിലെ ' കണ്ണേ ഉയിരിൻ" എന്ന പാട്ട്, സയനോര ഫിലിപ്പിന്റെ സംഗീതത്തിൽ 'ആഹാ" എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.
യുടെ പതിവ് പ്രേക്ഷകനായിരുന്നു ബി. ഉണ്ണിക്കൃഷ്ണൻ സാർ. അങ്ങനെയാണ് 'പ്രീസ്റ്റി" ലേക്ക് അവസരം ലഭിക്കുന്നത്. ഷോയിൽ വന്നതുകൊണ്ടു തന്നെയാണ് ഈ പാട്ടുകളിലേക്ക് ഞാൻ എത്തിപ്പെട്ടത്. 'ഉയിരെ" പാട്ടിൽ കൂടെ പാടിയ മിഥുൻ ചേട്ടൻ സീ കേരളത്തിലെ റിയാലിറ്റി ഷോ ജൂറിയായിരുന്നു. ഷോയിൽ വച്ചാണ് നേരിട്ട് ചേട്ടനെ പരിചയപ്പെട്ടത്. അന്നു മുതൽ  എന്റെ ജ്യേഷ്ഠന്റെ സ്ഥാനത്താണ്.  പാട്ട് എപ്പോഴും കൂടെ ഉണ്ടായിരുന്ന ഒരാളല്ല ഞാൻ, പഠിത്തത്തിന്റെ സമയത്തൊക്കെ പാട്ടിന് ഇടവേളയുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ  മത്സരത്തിന് വരുമ്പോൾ ഒരൽപ്പം ടെൻഷനുണ്ടായിരുന്നു. ഷോയിൽ വന്ന സമയത്ത് ചേട്ടൻ  തന്ന പിന്തുണ ഒരുപാട് ഉപകാരപ്പെട്ടിരുന്നു. ചേട്ടന്റെ ഭാര്യ ഇന്ദുചേച്ചിയും  മകൾ ദക്ഷിണയും കുടുംബാംഗങ്ങളെ പോലെയാണ്.പാട്ടാണ് ഇപ്പോൾ എല്ലാമെല്ലാം പാട്ടിൽ മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്. കുറച്ചു പാട്ടുകൾ ഇനി വരാനുണ്ട്. എം. ജയചന്ദ്രൻ സാർ സംഗീതം നൽകിയ 'പത്തൊമ്പതാം നൂറ്റാണ്ട്" എന്ന ചിത്രത്തിൽ ഞാൻ പാടിയിട്ടുണ്ട്. ഷാനിക്കയുടെ ഒരു മറാത്തി പാട്ടും റിലീസാകാനുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലാണ് ഞാൻ പഠിച്ചത്.  അത് കഴിഞ്ഞ്  ക്രൈസ്റ്റ് നഗർ കോളേജിൽ ബി.എ. ലിറ്ററേച്ചറും ലയോള കോളേജിൽ എം.എസ്. ഡബ്ള്യൂവും പൂർത്തിയാക്കി.