dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി കോടതിയിൽ സമർപ്പിച്ചു. ഈ മാസം 20ന് മുൻപ് മൊഴിയിൽ അന്വേഷണം നടത്താൻ കോടതി ഇന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് നടൻ ദിലീപിനെതിരായി സംവിധായകന്റെ മൊഴിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കേസിൽ ഒന്നാംപ്രതി സുനിൽകുമാർ (പൾസർ സുനി) നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകന്റെ മൊഴി.

അതേസമയം വിചാരണ നിർത്തിവച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ പിന്നീട് കോടതി തീരുമാനമെടുക്കും. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്തബന്ധമാണുള‌ളതെന്നായിരുന്നു സംവിധായകൻ നൽകിയ മൊഴിയിലുണ്ടായിരുന്നത്. സാക്ഷികളെ വിചാരണവേളയിൽ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായും മൊഴിയിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നിർത്തിവയ്‌ക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

വിചാരണകോടതി നിലപാട് പ്രോസിക്യൂഷനെ ദുർബലമാക്കുന്നെന്ന് കാട്ടി കേസിൽ രണ്ടാമത് പബ്ളിക് പ്രോസിക്യൂട്ടറും രാജിവച്ചിരുന്നു. അതേസമയം കേസിൽ മുഖ്യമന്ത്രിയോട് നീതി നടത്തണമെന്ന് ഡബ്ളു‌‌സി‌സി ആവശ്യപ്പെട്ടു.