
ന്യൂഡൽഹി: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ന്യൂഡൽഹിയിൽ പുതിയ നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നു. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹിയിൽ കൊവിഡ് വ്യാപനം തടയുന്നതിനായി വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തും. കൂടാതെ സർക്കാർ ജീവനക്കാരെ ഉൾപ്പെടെ വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ബസുകളും ഡൽഹി മെട്രോയും പൂർണതോതിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി രണ്ട് ദിവസങ്ങളായി അഞ്ച് ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗം ചേർന്നത്. യോഗത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ കർഫ്യൂ ഏർപ്പെടുത്താൻ ഡിഡിഎംഎ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ അവശ്യസേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഒഴികെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വീട്ടിലിരുന്ന് പ്രവർത്തിക്കും. സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാർ വീട്ടിലിരുന്ന് പ്രവർത്തിക്കണമെന്ന നിർദേശവുമുണ്ട്.
തിങ്കളാഴ്ച 24 മണിക്കൂറിനിടെ 4,099 പുതിയ കേസുകളും ഒരു മരണവും ന്യൂൽഹിയിൽ റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനമാണ്. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.