
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇനി മുതൽ യാത്ര ചെയ്യുക കറുത്ത കാറിൽ. സമീപകാല ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാര്‍ ഉപയോഗിക്കുന്നത്. പുതു വർഷത്തിൽ തലസ്ഥാനത്തെത്തിയ ആദ്യ ദിവസമാണ് മുഖ്യമന്ത്രി യാത്ര പുതിയ കാറിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രിയുടെ വാഹനം ഒഴികെ അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോള്‍ പഴയ വെളുത്ത വണ്ടികളാണ്. എന്നാൽ മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനുമായി ഇനിമുതൽ കറുത്ത ഇന്നോവ കാറുകളായിരിക്കും ഉപയോഗിക്കുക എന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷ പരിഷ്കരണത്തിന്റെ ഭാഗമായിയാണ് പുതിയ ചുവടുമാറ്റം. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കറുപ്പിലേക്ക് മാറാന്‍ തീരുമാനിച്ചത്. രാത്രി ആക്രമണങ്ങളിൽ നിന്ന് ഉൾപ്പെടെ രക്ഷപ്പെടാൻ ഏറ്റവും അനുയോജ്യമായത് കറുത്ത വാഹനങ്ങളാണ്. ഇപ്പോൾ മുഖ്യമന്ത്രി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത് ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ളാക്ക് ഇന്നോവ ക്രിസ്റ്റയാണ്.
പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വി.വി.ഐ.പികൾ കറുത്ത കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും കേരളത്തിലെ വി.വി.ഐ.പിയായ മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള വാഹനം വേണമെന്നുമാണ് മുൻ ഡി.ജി.പി ശുപാർശ നൽകിയിരുന്നത്. അതാണ് സർക്കാർ അംഗീകരിച്ച് നടപടിയിലേക്ക് കടന്നത്.
രാജ്യത്തെ ജനപ്രിയ വാഹനമാണ് ഇന്നോവ ക്രിസ്റ്റ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇതിൽ ലഭ്യമാണ്. എംപിവിയുടെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്, അതേസമയം ഡീസൽ പതിപ്പിൽ 2.4 ലിറ്റർ എഞ്ചിനാണ് ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്.