
മുംബയ്: പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ ഡി എൻ എ ഫലം എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബീഹാർ സ്വദേശിയായ യുവതി നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മറുപടി നൽകാൻ ബിനോയിയുടെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. അടുത്തമാസം പത്തിന് കേസിൽ വാദം കേൾക്കും. 2019 ജൂലായ് 30 ന് ബൈക്കുള ജെ ജെ ആശുപത്രിയിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. എന്നാല്‍ 17മാസത്തിന് ശേഷമാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ അത് കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുമ്പാണ് യുവതി കോടതിയെ സമീപിച്ചത്.
2019 ജൂണ്‍ 13-നാണ് ബീഹാര്‍ സ്വദേശിനി ബിനോയിക്കെതിരെ പീഡന പരാതി നല്‍കിയത്. ബിനോയ് കോടിയേരി വിവാഹ വാഗദ്ധാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ ബന്ധത്തിൽ എട്ട് വയസുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ യുവതി പറയുന്നു.
ബിനോയിയുടെ സഹോദരനായ ബിനീഷ് കോടിയേരി, മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഒരുവർഷത്തെ ജയിൽ വാസത്തിനുശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.