south-pole-

ലണ്ടൻ: നേടിയെടുക്കാൻ മനസുണ്ടെങ്കിൽ ഈ ലോകത്ത് അസാദ്ധ്യമായത് ഒന്നുമില്ലെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് ഹർപ്രീത് ചാന്ദീ ( പ്രീത് ) എന്ന ഇന്ത്യൻ വംശജയായ സിഖ് യുവതി. 32ാം വയസിൽ ഹർപ്രീത് നേടിയെടുത്തത് ചരിത്ര റെക്കാഡാണ്. ദക്ഷിണ ധ്രുവത്തിലേക്ക് ഒറ്റയ്ക്ക് യാത്ര പൂർത്തിയാക്കിയ ആദ്യത്തെ ' വുമൺ ഒഫ് കളർ " ( വെളുത്ത വർഗക്കാരി അല്ലാത്ത ) എന്ന നേട്ടത്തോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് പ്രീത്. പ്രീത് ജനിച്ചതും വളർന്നതും ബ്രിട്ടണിലാണ്. ഡെർബീയിൽ താമസമാക്കിയ പ്രീത് നിലവിൽ ബ്രിട്ടീഷ് ആർമിയിൽ ഫിസിയോതെറാപ്പിസ്റ്റ് ആണ്.

തിങ്കളാഴ്ചയാണ് പ്രീത് ദക്ഷിണ ധ്രുവത്തിലെത്തിയത്. -50 ഡിഗ്രി സെൽഷ്യസ് വരെയുള്ള കൊടുംതണുപ്പിൽ മണിക്കൂറിൽ 60 മൈൽ വരെ വേഗത്തിൽ വീശുന്ന വരണ്ട കാറ്റിനെ തരണം ചെയ്ത് ആരുടെയും പിന്തുണയില്ലാതെ അന്റാർട്ടിക്കൻ വിജനതയിലൂടെ ഏകയായി നടന്നു നീങ്ങിയ പ്രീത് 40ാം ദിവസമാണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ' പോളാർ പ്രീത് " എന്നാണ് പ്രീത് തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. താൻ ദക്ഷിണ ധ്രുവത്തിൽ എത്തിയ വിവരം ഒരു ഓഡിയോ ബ്ലോഗിലൂടെ പ്രീത് ഏവരെയും അറിയിച്ചിരുന്നു.

' പ്രീതിന്റെ ചരിത്രപരമായ പര്യവേഷണം നമുക്കേർവക്കും പ്രചോദനവും അതിശയകരമായ നേട്ടവുമാണ്" എന്നാണ് യു.കെ ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് പ്രതികരിച്ചത്. 19ാം വയസിൽ ബ്രിട്ടീഷ് ആർമി റിസേർവിന്റെ ഭാഗമായ പ്രീത് റെഗുലർ ആർമിയിൽ ചേർന്നത് ആറു വർഷം മുമ്പാണ്. ഇക്കാലയളവിൽ ഒന്നും തന്നെ പ്രീതി സാഹസിക യാത്രകളൊന്നും നടത്തിയിട്ടില്ല. ദക്ഷിണ ധ്രുവയാത്രയ്ക്ക് മുന്നോടിയായി കഠിനമായ വ്യായാമങ്ങൾ നടത്തിയിരുന്നു. ഒപ്പം, കഴിഞ്ഞ വർഷം ആദ്യം ഗ്രീൻലൻഡിലേക്കും ഒരു പര്യവേഷണം നടത്തിയിരുന്നു.

നവംബർ 24ന് ട്വിൻ ഓട്ടർ ചെറുവിമാനത്തിൽ പ്രീത് അന്റാർട്ടിക്കയിലെ ഹെർകുലീസ് ഇൻലെറ്റിലെത്തുകയായിരുന്നു. അവിടെ നിന്നാണ് ചരിത്രയാത്ര ആരംഭിച്ചത്. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ 87 കിലോ ഭാരവും വഹിച്ചായിരുന്നു യാത്ര. ദിവസവും 11 മണിക്കൂർ വരെ സ്കീയിംഗ് നടത്തി. രാത്രികളിൽ ടെന്റ് കെട്ടി അതിൽ ഉറങ്ങുകയും ആഹാരം പാകം ചെയ്ത് കഴിക്കുകയും ചെയ്തു. ഇതിനിടെ ഐസിൽ തെന്നി വീണിട്ടുണ്ട്. ശാരീരിക അവശതകൾ നേരിട്ടു. ദിവസങ്ങളോളം ആരെയും കാണാതെ ശരിക്കും ഒറ്റപ്പെട്ട് കഴിഞ്ഞു. എങ്കിലും പ്രീത് പിന്മാറിയില്ല. ഫോണിലെ ഇഷ്ടപ്പെട്ട പാട്ടുകളും ഓഡിയോ ബുക്കുകളും സുഹൃത്തുക്കളുടെ ശബ്ദ സന്ദേശങ്ങളും കേട്ട് പ്രീത് തന്റെ സ്വപ്ന യാത്ര തുടർന്നു.

 ' മഞ്ഞു പെയ്യുന്ന ദക്ഷിണധ്രുവത്തിൽ ഞാനെത്തിയിരിക്കുന്നു. ഇവിടെ എത്തിയത് വളരെ അതിശയകരമായി തോന്നുന്നു. മറ്റുള്ളവരെ അവരിൽ സ്വയം വിശ്വസിക്കാനും അവരുടെ മുന്നിലെ അതിരുകൾ ഭേദിക്കാനും പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഗ്ലാസ് സീലിംഗ് വെറുതെ തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അതിനെ ദശലക്ഷക്കണക്കിന് ശകലങ്ങളായി തകർക്കണം. " - ഹർപ്രീത് ചാന്ദീ