
മാഞ്ചസ്റ്റർ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ അട്ടിമറിത്തോൽവി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വോൾവർഹാംപ്ടണാണ് മുൻ ചാമ്പ്യന്മാരെ കീഴടക്കിയത്. പുതിയ പരിശീലകൻ റാൾഫ് റാംഗ്നിക്കിനു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ തോൽവിയാണിത്.
ഡിസംബർ 30ന് നടന്ന മത്സരത്തിൽ ബേൺലിയെ 3-1ന് തോൽപ്പിച്ചിരുന്നതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ യുണൈറ്റഡിനെ 82-ാം മിനിട്ടിൽ ജാവോ മൗട്ടിന്യോ നേടിയ ഗോളിനാണ് വോൾവ്‌സ് അട്ടിമറിച്ചത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ച വോൾവ്‌സിനെ യുണൈറ്റഡ് ഗോളികീപ്പർ ഡേവിഡ് ഡി ഗിയയുടെ സേവുകളാണ് തടുത്തുനിറുത്തിയത്.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ നിരയിൽ ബ്രൂണോ ഫെർണാണ്ടസ് കളത്തിലിറങ്ങിയതോടെ അവരുടെ നീക്കങ്ങൾക്ക് ആക്കം വർദ്ധിപ്പിച്ചു. ഇതിനിടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചത് തിരിച്ചടിയായി.82-ാം മിനിട്ടിൽ ട്രവോറിന്റെ ക്രോസ് മാഞ്ചസ്റ്റർ പ്രതിരോധത്തെ വെട്ടിച്ച് സ്വന്തമാക്കിയ ശേഷമാണ് മൗട്ടീന്യോ വലയിലേക്ക് തൊടുത്തത്.
ഈ തോൽവിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായി. 19 കളികളിൽ നിന്ന് 31 പോയിന്റ് മാത്രമാണ് ടീമിനുള്ളത്.19 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി വോൾവ്സ് എട്ടാമതുണ്ട്. 21lകളികളിൽ നിന്ന് 53 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ ഒന്നാമത്. 43 പോയിന്റുള്ള ചെൽസിയാണ് രണ്ടാം സ്ഥാനത്ത്.മൂന്നാമതുള്ള ലിവർപൂളിന് 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുണ്ട്.
41 വർഷത്തിന് ശേഷമാണ് വോൾവർ ഹാംപ്ടൺ ഒാൾഡ് ട്രഫോൾഡിൽ ഒരു വിജയം നേടുന്നത്.
1980ലാണ് ഇതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം മൈതാനത്ത് വോൾവ്‌സിനോട് തോൽക്കുന്നത്.
ഈ സീസണിൽ ആറാമത്തെ തോൽവിയാണ് മാഞ്ചസ്റ്റർ വഴങ്ങുന്നത്.