dxtfgtyf

പാരിസ്: അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദത്തെ തുടർന്ന് ലോകരാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശങ്കയ്ക്ക് ആക്കം കൂട്ടി പുതിയൊരു വകഭേദം കൂടി സ്ഥിരീകരിച്ചു. ബി.1.640.2 എന്ന ഈ വകഭേദം,​ ലോകാരോഗ്യ സംഘടന അംഗീകരിച്ച് പുനർനാമകരണം ചെയ്യുന്നത് വരെ ഇഹു (ഐ.എച്ച്.യു) എന്നറിയപ്പെടും. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് ഈ വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്നും ദക്ഷിണ ഫ്രാൻസിലെ മാർസെയിൽസിലെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇയാളുമായി അടുത്തിടപഴകിയ 12 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വകഭേദത്തിന് ഒമിക്രോണിനെക്കാൾ വ്യാപന ശേഷി കൂടുതലാണെന്നാണ് വിവരം.

ഇഹുവിൽ 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും മനുഷ്യരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്താൻ ഈ വകഭേദത്തിന് കഴിയുമെന്നുമാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. പലതവണ വ്യതിയാനം സംഭവിച്ചതിനാൽ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാദ്ധ്യത ഗവേഷകർ തള്ളിക്കളയുന്നില്ല. അതേ സമയം പുതിയ വകഭേദത്തെപ്പറ്റിയുള്ള പഠനങ്ങൾ പ്രാഥമിക ഘട്ടത്തിലാണെന്നും വൈറസിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

യു.എസിൽ പ്രതിദിന കൊവിഡ് കേസുകൾ 10 ലക്ഷം കടന്നു

അമേരിക്കയെ പ്രതിസന്ധിയിലാക്കി കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കാ‌ഡ് വർദ്ധനവ്. തിങ്കളാഴ്ച 10 ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങളിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. നാലു ദിവസം മുൻപ് രാജ്യത്ത് 5,90,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ലക്ഷണങ്ങളില്ലാതെ കൊവിഡ് പോസിറ്റീവായവരുടെ ഐസലേഷൻ കാലാവധി അഞ്ച് ദിവസമാക്കി യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചുരുക്കിയിട്ടുണ്ട്. എന്നാൽ ഇവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പു വരുത്തണമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയിൽ കൂടുതൽ കമ്പനികൾ ജീവനക്കാർക്ക് വീണ്ടും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേസുകളുടെ എണ്ണം അതിവേഗം ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് അനയിന്ത്രമായി ഉയരാത്തത് ആശ്വാസകരമാണ്.

അതേ സമയം ടെക്സസ് ചിൽഡ്രൻസ് ആശുപത്രിയിൽ തിങ്കളാഴ്ച 70 കുട്ടികളെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഒമിക്രോണിനെ തുടർന്ന് രാജ്യത്ത് രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

വാക്സിൻ ബൂസ്റ്റർ ഡോസ് പതിനാറു വയസിന് മുകളിലുള്ളവർക്ക് നൽകുന്നതിന് ഫെഡറൽ റഗുലേറ്റേഴ്സ് തിങ്കളാഴ്ച തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഞായറാഴ്ച മാത്രം 2679 വിമാന സർവിസുകളാണ് റദ്ദാക്കിയത്.അതേ സമയം കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഞായറാഴ്ച മാത്രം യു.എസിൽ 2679 വിമാന സർവീസുകളാണ് റദ്ദാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ ആഭ്യന്തര - രാജ്യാന്തര സർവീസുകൾ മുടങ്ങുമെന്നാണ് റിപ്പോർട്ട്.