
ദോഹ: ഒമിക്രോൺ വകഭേദത്തെ തുടർന്ന് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ ഖത്തറിൽ മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ആരോഗ്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഇനിയും വാക്സിനെടുക്കാൻ ബാക്കിയുള്ളവർ ഉടൻ അതിന് തയ്യാറാകണമെന്നുംസാമൂഹിക അകലവും മാസ്കും ജീവിത ശൈലിയുടെ ഭാഗമാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും പേർ തീരെ വാക്സിൻ എടുക്കാത്തവരാണ്. രണ്ട് ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവർ ഉടൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം.രാജ്യത്ത് വാക്സിനേഷന് വിധേയരാകാത്ത കുട്ടികളിലാണ് ഇപ്പോൾ കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അതേസമയം കൊവിഡ് ബാധിച്ചവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരും നേരിയ രോഗ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്നവരുമായ ആളുകൾ വീടുകളിൽ 10 ദിവസം ഐസൊലേഷനിൽ കഴിയണം. അതിനിടെ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കൊവിഡ് രോഗികൾ മാത്രമേ ആശുപത്രിയിലേക്ക് വരാവൂയെന്ന് ആരോഗ്യ വിഭാഗം അധികൃതർ അഭ്യർത്ഥിച്ചു. രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങൾ താറുമാറാകാതിരിക്കുന്നത് ഒഴിവാക്കാനാണിത്. അതേ സമയം ഒമിക്രോൺ കേസുകൾ രാജ്യത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ യാത്രാനിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ
പി.സി.ആർ പരിശോധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. ഇതുകാരണം യാത്രാ ആവശ്യത്തിനായി പരിശോധന നടത്തിയ ശേഷം സമയത്ത് പരിശോധനാ ഫലം ലഭിക്കാത്തത് കാരണം പലർക്കും യാത്രകൾ മാറ്റിവയ്ക്കേണ്ടതായി വന്നതായി പരാതികൾ ഉയരുന്നുണ്ട്. ഖത്തറിൽ കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാജ്യത്ത് 1177 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് നിലവിൽ ആക്ടീവ് കേസുകളുടെ എണ്ണം 6842 ആയി ഉയർന്നു. രാജ്യത്ത് ഇതിനകം 253,536 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിനകം രാജ്യത്ത് 5,224,040 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.