cricket

ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് തോൽവിയുടെ നിഴലിൽ

മൗണ്ട് മൗംഗാനുയി∙ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയ ന്യൂസിലാൻഡിനെ അവരുടെ മണ്ണിൽ തോൽപ്പിക്കുകയെന്ന അസുലഭ നേട്ടത്തിന് കാതോർത്ത് ബംഗ്ളാദേശ്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് തോൽവിയുടെ വക്കിലാണ് കിവികൾ. ഒന്നാം ഇന്നിംഗ്സിൽ 130 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ് നാലാം ദിവസം കളിനിറുത്തുമ്പോൾ 147/5 എന്ന നിലയിലാണ്. അഞ്ചുവിക്കറ്റ് ശേഷിക്കേ 17 റൺസ് മാത്രം മുന്നിലാണ് ഇപ്പോൾ ആതിഥേയർ. ഇന്ന് കിവീസിനെ ആൾഒൗട്ടാക്കിയ ശേഷം രണ്ടാം ഇന്നിംഗ്സിലെ ലക്ഷ്യം മറികടന്ന് വിജയത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ബംഗ്ളാദേശുകാർ.

നാലാം ദിനമായ ഇന്നലെ 401/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ബംഗ്ളാദേശ് 458ന് ആൾഒൗട്ടായതോടെയാണ് സന്ദർശകർക്ക് 130 റൺസ് ലീഡ് ലഭിച്ചത്.

മഹ്മുദുൽ ഹസൻ (78), ക്യാപ്ടൻ മോമിനുൽ ഹഖ് (88), ലിട്ടൻ ദാസ് (86), മെഹ്ദി ഹസൻ (47) എന്നിവരുടെ ബാറ്റിംഗ് മികവിലാണു ബംഗ്ലദേശ് നിർണായക ലീഡ് നേടിയത്. കൈൽ ജെയ്മിസൻ, ടിം സൗത്തി, ടെന്റ് ബൗൾട്ട്, നീൽ വാഗ്നർ എന്നിവർ അടങ്ങുന്ന കിവീസിന്റെ ശക്തമായ പേസ് നിരയ്ക്കെതിരെയായിരുന്നു ബംഗ്ലാ താരങ്ങളുടെ വീറുറ്റ പ്രകടനം.

രണ്ടാം ഇന്നിംഗ്സിൽ ടോം ലതാം (14),വിൽ യംഗ്(69),ഡെവോൺ കോൺവോയ് (13),ഹെൻട്രി നിക്കോൾസ് (0),ടോം ബ്ളൻഡേൽ (0) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്.39 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹൊസൈനാണ് ബംഗ്ളാ ബൗളിംഗിൽ പുലിയായത്.

സ്കോർ– ന്യൂസിലാൻഡ്: 328, 147–5; ബംഗ്ലാദേശ്: 458.

176.2

ആദ്യ ഇന്നിംഗ്സിൽ 176.2 ഓവർ ബാറ്റു ചെയ്ത ബംഗ്ലദേശ്, 2010ന് ശേഷം ന്യൂസിലാൻഡ് മണ്ണിൽ ഏറ്റവും അധികം ഓവർ ബാറ്റു ചെയ്യുന്ന സന്ദർശക ടീം എന്ന റെക്കാഡ് സ്വന്തമാക്കി. 2013ലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് റെക്കാഡാണ് (170 ഓവറിൽ 421/6) മറികടന്നത്.