
കണ്ണൂർ: കഴിഞ്ഞദിവസം മാവേലി എക്സ്‌പ്രസിൽ എ എസ് ഐ യുടെ മർദ്ദനത്തിനിരയായ ആളെ തിരിച്ചറിഞ്ഞു. പീഡനമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന 'പൊന്നന്‍ ഷമീറാ'ണ് അതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മുന്നിലുള്ളത് കൊടുംക്രിമിനലാണെന്ന് അറിയാതെയാണ് എ എസ് ഐ ഷമീറിനെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടത്.നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട ഷമീർ ഇപ്പോൾ ഇരിക്കൂരിലാണ് താമസമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞദിവസമാണ് മദ്യപിച്ച് ലക്കുകെട്ട് ടിക്കറ്റില്ലാതെ ട്രെയിൻ യാത്രചെയ്ത ഷമീറിനെ എ എസ് ഐ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് വൻ വിവാദമാവുകയും എ എസ് ഐക്കെതിരെ വകുപ്പുതല നടപടി എടുക്കുകയും ചെയ്തു. തുടർന്നാണ് മർദ്ദനമേറ്റ ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വടകര സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഷമീറിനെ തിരിച്ചറിഞ്ഞത്. ചിത്രങ്ങൾ ഷമീറിന്റെ ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.