
ഇംഫാൽ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ താൻ മണിപ്പൂരിന്റെ പടിവാതിലിൽ എത്തിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ 1,850 കോടി രൂപയുടെ 13 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' മണിപ്പൂർ തനിച്ചാക്കപ്പെട്ട ഒരു സമയമുണ്ടായിരുന്നു. ഞാൻ പ്രധാനമന്ത്രിയാകുന്നതിന് മുന്നേ നിരവധി തവണ മണിപ്പൂരിൽ വന്നിട്ടുണ്ട്. നിങ്ങളുടെ ഹൃദയവേദന എനിക്കറിയാം. അതുകൊണ്ട്, 2014ന് ശേഷം ഇന്ത്യൻ സർക്കാരിനെ മുഴുവനായി നിങ്ങളുടെ പടിവാതിലിൽ ഞാൻ എത്തിച്ചു. " മുൻ സർക്കാരുകളെ വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു.
മണിപ്പൂരിലെ 60 ശതമാനം വീടുകളിലേക്കും ഹർ ഘർ ജൽ പദ്ധതി പ്രകാരം ശുദ്ധമായ പൈപ്പ് ജലം എത്തിക്കാനായത് 'ഡബിൾ എൻജിൻ " സർക്കാരിന് ജനങ്ങളോടുള്ള പ്രതിബന്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ അഭിനന്ദാനാർഹമായ വിജയം കൈവരിക്കാൻ മണിപ്പൂരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ' 1,80,000 വീടുകൾക്ക് പി.എം ആവാസ് യോജന വഴി അനുമതി ലഭിച്ചു. 4,25,000 പേർക്ക് ആയുഷ്മാൻ ഭാരത് മിഷന്റെ പ്രയോജനം ലഭിച്ചു. 1.5 ലക്ഷം സൗജന്യ ഗ്യാസും 1.3 ലക്ഷം സൗജന്യ വൈദ്യുതി കണക്ഷനുകളും നൽകി. സ്വച്ഛ് ഭാരത് മിഷൻ വഴി 30,000 വീടുകളിൽ ടോയ്ലറ്റ് നിർമ്മിച്ചു. 5.30 ലക്ഷം സൗജന്യ വാക്സിൻ വിതരണം ചെയ്തു. " മാറ്റത്തിന്റെ, പുതിയ സംസ്കാരത്തിന്റെ പ്രതീകമായി മണിപ്പൂർ മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡ്, അടിസ്ഥാന സൗകര്യം, കുടിവെള്ളം, ഗ്രാമ വികസനം, ആരോഗ്യം, ഐ.ടി തുടങ്ങിയ വിവിധ മേഖലകളിലായി 2,950 കോടി രൂപയുടെ ഒമ്പത് പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. 1,700 കോടിയിലധികം രൂപ ചെലവിൽ 110 കിലോമീറ്ററിലധികം നീളത്തിലുള്ള അഞ്ച് ദേശീയ പാത പദ്ധതികളുടെ നിർമ്മാണപ്രവർത്തനങ്ങളുടെ തറക്കല്ലിടലും മോദി നിർവഹിച്ചു.
ത്രിപുരയിൽ വിമാനത്താവള ടെർമിനൽ ഉദ്ഘാടനം ചെയ്ത് മോദി
അഗർത്തല: ത്രിപുരയിൽ മഹാരാജ ബിർബിക്രം വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിൽ ബി.ജെ.പി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മോദി, സംസ്ഥാനത്ത് ബി.ജെ.പിയുടെ നേതൃത്വത്തിൽ ' ഡബിൾ വികസനം " ഉറപ്പാക്കുമെന്ന് പറഞ്ഞു. വിദ്യാജ്യോതി പദ്ധതി, മുഖ്യമന്ത്രി ഗ്രാം സമൃദ്ധി യോജന എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു.
അതേ സമയം, നരേന്ദ്രമോദി ത്രിപുരയിൽ തന്റെ റാലികളിലൂടെ ആയിരക്കണക്കിന് പേരുടെ ജീവൻ അപകടത്തിലാക്കിയെന്നും ത്രുപുരയെ ഒരു ' കൊവിഡ് നിർമ്മാണ് ഹബ് " ആക്കി മാറ്റുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ വിമാനത്താവള ഉദ്ഘാടന ചടങ്ങിനായെത്തിയ വൻജനക്കൂട്ടം ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂലിന്റെ വിമർശനം.
പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ;
പ്രതിഷേധിക്കുമെന്ന് ബി.കെ.യു
ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ന് പഞ്ചാബ് സന്ദർശിക്കാനിരിക്കെ പ്രതിഷേധവുമായി കർഷക സംഘടനയായ ബി.കെ.യു.
കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളിൽ തുടർനടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോദി ഗോബാക്ക് വിളികളുമായി പ്രതിഷേധിക്കുമെന്ന് ബി.കെ.യു (ഏക് ത ഉഗ്രഹാൻ) സംസ്ഥാന സെക്രട്ടറി ഷിംഗാര സിംഗ്മാൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും സംസ്ഥാനത്ത് മുഴുവൻ പ്രതിഷേധ ബാനറുകൾ ഉയർത്തുകയും ചെയ്യും. മിനിമം താങ്ങുവില വിഷയത്തിൽ ചർച്ച നടത്താൻ ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല. അജയ് മിശ്ര ഇപ്പോഴും കേന്ദ്രമന്ത്രിസഭയിൽ തുടരുന്നു. കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ഉറപ്പും കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.