
ന്യൂഡൽഹി: ഇന്ത്യയിലെ ഭീമൻ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എൻ.ജി.സിയുടെ (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനി) തലപ്പത്ത് ആദ്യമായി വനിതാമേധാവിയെ നിയമിച്ചു. നിലവിൽ ഹ്യൂമൻ റിസോഴ്സ് ഡയറക്ടറായ അൽക്ക മിത്തലിനാണ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി അധികച്ചുമതല നൽകിയത്.
2014ൽ രാജ്യത്തെ മറ്റൊരു പ്രമുഖ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ മേധാവിയായി നിഷി വാസുദേവൻ അധികാരമേറ്റ് ചരിത്രം കുറിച്ചിരുന്നു. നിലവിൽ ഒ.എൻ.ജി.സി ഡയറക്ടർ ബോർഡിലെ ഏറ്റവും മുതിർന്നയാളാണ് അൽക്ക മിത്തൽ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഹ്യൂമൻ റിസോഴ്സിൽ എം.ബി.എയും കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ ഡോക്ടറേറ്റും നേടിയ അൽക്ക 1985ലാണ് ഒ.എൻ.ജി.സിയിൽ ട്രെയിനിയായി ചേർന്നത്. കമ്പനിയുടെ മുഖ്യ നൈപുണ്യ വികസന (സി.എസ്.ഡി) ചുമതല വഹിച്ചിരുന്നു. വഡോദര, മുംബയ്, ന്യൂഡൽഹി, ജോർഹത്ത് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ എച്ച്.ആർ-ഇ.ആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അവർ 2009ൽ ഒ.എൻ.ജി.സിയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവിയായിരുന്നു.
ഒ.എൻ.ജി.സി മുൻ മേധാവി ശശി ശങ്കർ 2021 മാർച്ച് 31ന് വിരമിച്ച ശേഷം മുഴുവൻസമയ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഉണ്ടായിരുന്നില്ല. 2021 ഏപ്രിൽ 1മുതൽ ധനകാര്യ ഡയറക്ടർ സുഭാഷ് കുമാറിനായിരുന്നു അധിക ചുമതല നൽകിയിരുന്നത്. ഇദ്ദേഹം ഡിസംബർ അവസാനം വിരമിച്ചു. തുടർന്ന് രണ്ടുദിവസം അധികാരികളില്ലാതെ ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് അൽക്കയുടെ നിയമനം. നിലവിലുള്ള സി.എം.ഡി വിരമിക്കുന്നതിന് ഏതാനും മാസം മുമ്പെങ്കിലും അടുത്തയാളെ തിരഞ്ഞെടുക്കുന്നതായിരുന്നു പതിവ്.