
ലക്ക്നൗ: സ്വപ്നത്തിൽ കൃഷ്ണൻ പ്രത്യക്ഷപ്പെടാറുണ്ടെന്ന സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്രെ അവകാശവാദത്തിന് മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃഷ്ണ ഭഗവാൻ അഖിലേഷ് യാദവിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അത് അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത് തനിക്ക് വേണ്ടി ഒന്നും ചെയ്യാത്തതിന് ശപിക്കാൻ വേണ്ടിയായിരിക്കുമെന്ന് യോഗി പറഞ്ഞു. അധികാരത്തിൽ ഉണ്ടായിരുന്ന കാലയളവിൽ അഖിലേഷ് മധുരയ്ക്കും വൃന്ദാവനും വേണ്ടി ഒന്നും ചെയ്തില്ലെന്നും സമാജ്‌വാദി പാർട്ടിക്ക് സാധിക്കാത്തത് ബി ജെ പി ചെയ്തു കാണിച്ചെന്നും യോഗി കൂട്ടിച്ചേർത്തു.
വരാൻ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ അയോദ്ധ്യയിലോ മധുരയിലോ യോഗി ആദിത്യനാഥ് ബി ജെ പി സ്ഥാനാർത്ഥിയായേക്കുമെന്ന് ശക്തമായ പ്രചാരണങ്ങളുണ്ട്. കൃഷ്ണൻ പതിവായി സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാജയപ്പെടുമെന്ന് തന്നോട് പറഞ്ഞതായും അഖിലേഷ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. മഥുര മണ്ഡലത്തിലേക്ക് യോഗി ആദിത്യനാഥിനെ നാമനിർദേശം ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി യുടെ രാജ്യസഭാ എം പി ഹർനാഥ് സിംഗ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്ക്ക് അയച്ച കത്ത് പരാമർശിച്ചായിരുന്നു അഖിലേഷ് ഇങ്ങനെ പറഞ്ഞത്. മഥുര മണ്ഡലത്തിൽ നിന്ന് യോഗി മത്സരിച്ചാൽ വിജയിക്കുമെന്ന് ശ്രീകൃഷ്ണൻ പറഞ്ഞുവെന്നായിരുന്നു ഹർനാഥ് സിംഗിന്റെ അവകാശവാദം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാന പാർട്ടികളായ ബി ജെ പിയും എസ് പിയും തമ്മിൽ രൂക്ഷമായ വാക് പോരാണ് അരങ്ങേറുന്നത്. ക്രമസമാധാനം, രാമക്ഷേത്രം, പിയൂഷ് ജെയിൻ കേസ്, മാഫിയ രാജ് തുടങ്ങി നിരവധി വിഷയങ്ങളിൽ ഇരു പാർട്ടികളും പരസ്പരം ആക്രമിക്കുകയാണ്. വാക്‌പോരിന് മൂർച്ചകൂട്ടാൻ കോൺഗ്രസും രംഗത്തുണ്ട്.