
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 75 ലക്ഷത്തിന്റെ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. 1.379 കിലോഗ്രാം സ്വർണം രണ്ടു പേരിൽ നിന്നാണ് പിടിച്ചത്. ബഹ്റൈനിൽ നിന്നുളള ഗൾഫ് എയർ വിമാനത്തിലെത്തിയ വടകര സ്വദേശി അബ്ദുൾ ആബിദിൽ നിന്ന് 1,022 ഗ്രാം സ്വർണമിശ്രിതവും ഷാർജയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി ഷക്കീബ് അഹമ്മദിൽ നിന്ന് 357 ഗ്രാം സ്വർണവുമാണ് പിടിച്ചത്. ഷക്കീബ് സ്വർണക്കട്ടി ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ചും ആബിദ് ശരീരത്തിനുളളിൽ ഒളിപ്പിച്ചും കടത്താനാണ് ശ്രമിച്ചത്. സൂപ്രണ്ടുമാരായ പ്രവീൺകുമാർ, പ്രകാശ്, ഇൻസ്പെക്ടർമാരായ പ്രതീഷ്, മുഹമ്മദ് ഫൈസൽ, കപിൽ സുരീര, മറ്റു ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, മോഹനൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.