
കൊല്ലം: ഇറച്ചി വ്യാപാരത്തിലെ തർക്കത്തിനിടെ, വീട്ടുമുറ്റത്ത് നിന്ന യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ. തട്ടാർകോണം കൽക്കുളം ക്ഷേത്രത്തിന് സമീപം തൊടിയിൽ വീട്ടിൽ നവാസ് (25), ചന്ദനത്തോപ്പ് കുതിരമുക്കിന് സമീപം റിയാസ് മൻസിലിൽ അനസ് (28), തട്ടാർകോണം കൽക്കുളം ക്ഷേത്രത്തിന് സമീപം തൊടിയിൽ വീട്ടിൽ വഹാബ് (43) എന്നിവരാണ് പിടിയിലായത്.
സഹോദരിയുടെ മകൻ സനോഫറിനെ സംഘം ചേർന്ന് ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച താജുദ്ദീനാണ് ആദ്യംകുത്തേറ്റത്. സനോഫറും പ്രതികളും ചേർന്ന് മുൻപ് ഇറച്ചി വ്യാപാരം നടത്തിയിരുന്നു. തുടർന്ന് സനോഫർ ഒറ്റയ്ക്ക് ഇറച്ചി വ്യാപാരം നടത്തിയതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് ഇവർ സനോഫറിന്റെ വീട്ടിലെത്തി വഴക്കിടുകയായിരുന്നു. ഇത് കണ്ട് തടസം പിടിക്കാൻ എത്തിയ താജൂദ്ദീനെ സംഘം കുത്തി പരിക്കേൽപ്പിച്ചു. താജുദ്ദീനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കൽക്കുളം ക്ഷേത്രത്തിന് സമീപത്ത് നിന്നു പൊലീസ് സംഘം പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ, എസ്.ഐ മാരായ എ.പി. അനീഷ്, ജയൻ കെ.സക്കറിയ, താഹക്കോയ, എ.എസ്.ഐമാരായ സന്തോഷ് കുമാർ, സി. ജിജു, പ്രകാശ് ചന്ദ്രൻ, ഡെൽഫിൻ ബോണിഫോസ്, സി.പി.ഒ സാജ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.