ladak

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌‌വരയിൽ ചൈനീസ് പട്ടാളക്കാർ തങ്ങളുടെ ദേശീയ പതാക ഉയർത്തുന്ന ചിത്രം കഴിഞ്ഞ ദിവസം ചൈന പുറത്തുവിട്ടതിന് പിന്നാലെ മറുപടിയുമായി ഇന്ത്യൻ സേന. പുതുവത്സര ദിനത്തിൽ ഗാൽവാൻ താഴ്‌‌വരയിൽ ഇന്ത്യൻ സേനാംഗങ്ങൾ ദേശീയ പതാക ഉയർത്തുന്ന ചിത്രം കേന്ദ്രമന്ത്രി കിരൺ റിജിജു പുറത്തുവിട്ടതോടെയാണ് ഗാൽവാനിൽ കടന്നുകയറിയതായുള്ള ചൈനയുടെ അവകാശവാദത്തെ ഇന്ത്യ തള്ളിയത്.

ചൈനയുടെ ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് ആണ് പുതുവർഷ ദിനത്തിൽ ഗാൽവാനിൽ ചൈനീസ് സൈനികർ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടത്. എന്നാൽ, ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം ഉയർന്നിരുന്നു. പിന്നാലെയാണ് ഗാൽവാൻ ഇപ്പോഴും ഇന്ത്യയുടെ കരങ്ങളിൽ തന്നെയെന്നും ചൈന അതിർത്തി കടന്നിട്ടില്ലെന്നും കാട്ടി ഇന്ത്യൻ സൈന്യം ചിത്രങ്ങൾ പുറത്തുവിട്ടത്. അതേ സമയം, ചൈന പുറത്തുവിട്ട ചിത്രം ചൈനയുടെ അതിർത്തി ഭാഗത്തുള്ളതാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.