
കൊല്ലം: ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. കടയ്ക്കൽ അയിരക്കുഴി പൊങ്ങാലുംകാട് കിഴക്കുംകരപുത്തൻ വീട്ടിൽ റാഫിയാണ് (38) പിടിയിലായത്.
മോഷണക്കേസുകളിൽ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുളള റാഫിക്കായി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. കിളികൊല്ലൂർ മൂന്നാം കുറ്റിയിലെ മോഷണ ശ്രമത്തിനിടെയാണ് റാഫി കുടുങ്ങിയത്. കിളികൊല്ലൂർ പൊലീസിന്റെ സഹായത്തോടെ കൊട്ടിയം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ടീമും ചേർന്നാണ് പിടികൂടിയത്. ഓച്ചിറ, പരവൂർ, കൊട്ടിയം, പാരിപ്പളളി, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങിളിൽ നിന്നു മോഷണം പോയ മോട്ടോർ ബൈക്കുകളും കണ്ടെടുത്തു. താക്കോൽ ബൈക്കിൽ വച്ച ശേഷം കടയുടെ മുമ്പിലും മറ്റും പാർക്ക് ചെയ്യുന്ന ബൈക്കുകളാണ് റാഫി മോഷ്ടിക്കുന്നത്. ഇന്ധനം തീരുന്ന മുറയ്ക്ക് വാഹനം ഉപേക്ഷിച്ച് പോകുകയായണ് പതിവ്.
റാഫിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിവിധ സ്ഥലങ്ങിൾ നിന്നു മോഷണം പോയ ബൈക്കുകൾ ലഭിച്ചത്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ സുരേഷ്കുമാർ, കൊട്ടിയം സബ്ബ് ഇൻസ്പെക്ടർമാരായ ഷിഹാസ്, റഹിം, ജോയി, അഷ്ടമൻ, മധുസുദനൻപിളള, എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഒ സീനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.