cricket

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ആൾഒൗട്ടായി

ശാർദ്ദൂൽ താക്കൂറിന് കരിയറിലെ ആദ്യ ഏഴ് വിക്കറ്റ് നേട്ടം

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 85/2, 58 റൺസിന് മുന്നിൽ

ജോഹന്നാസ്ബർഗ് : കരിയറിലെ ആദ്യ ഏഴ് വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ പേസർ ശാർദ്ദൂൽ താക്കൂർ തിളങ്ങിയെങ്കിലും രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക.ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 202നെതിരെ രണ്ടാം ദിവസമായ ഇന്നലെ ആതിഥേയർ 229ന് ആൾഒൗട്ടായി.തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിറുത്തുമ്പോൾ 85/2 എന്ന നിലയിലാണ്. 58 റൺസ് മുന്നിലാണ് ഇപ്പോൾ ഇന്ത്യ.

17.5 ഒാവറിൽ മൂന്ന് മെയ്ഡനടക്കം 61റൺസ് വഴങ്ങിയാണ് ശാർദ്ദൂൽ ഏഴുവിക്കറ്റ് വീഴ്ത്തിയത്. ഇതിനിടയിലും അർദ്ധസെഞ്ച്വറികൾ നേടിയ കീഗൻ പീറ്റേഴ്സണും (62) ടെംപ ബൗമയും (52) ക്യാപ്ടൻ ഡീൻ എൽഗാറും (28) വിക്കറ്റ് കീപ്പർ കൈൽ വെരെയ്ന്നും (21) മാർക്കോ ജാൻസണും (21) കേശവ് മഹാരാജും (21) നടത്തിയ പോരാട്ടമാണ് ഇന്ത്യയെ മറികടക്കാൻ ദക്ഷിണാഫ്രിക്കയെ പ്രാപ്തരാക്കിയത്.

ഇന്നലെ ഒന്നിന് 35 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ആതിഥേയരുടെ മൂന്ന് വിക്കറ്റുകൾകൂടി ലഞ്ചിന് മുന്നേ ശാർദ്ദൂൽ താക്കൂർ വീഴ്ത്തിയിരുന്നു.എൽഗാറിനെ റിഷഭ് പന്തിന്റെ കയ്യിലെത്തിച്ചാണ് താക്കൂറിന്റെ തേരോട്ടം തുടങ്ങിയത്. എൽഗാറിനൊപ്പം 74 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും അർദ്ധസെഞ്ച്വറി കടന്ന് മുന്നേറുകയും ചെയ്ത കീഗൻ പീറ്റേഴ്സൺ ടീം സ്കോർ 101ലെത്തിയപ്പോൾ മായാങ്കിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 118 പന്തുകൾ നേരിട്ട കീഗൻ ഒൻപത് ബൗണ്ടറികൾ പായിച്ചിരുന്നു. വൈകാതെ റാസി വാൻ ഡെർ ഡെസനെക്കൂടി (1) താക്കൂർ റിഷഭിനെ ഏൽപ്പിച്ചതോടെ 102/4 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞു.

ലഞ്ചിന് ശേഷം ടെംപ ബൗമയും വെരിയെന്നെയും നടത്തിയ ചെറുത്തുനിൽപ്പാണ് ലീഡ് നേടാൻ കഴിയും എന്ന ആത്മവിശ്വാസം ആതിഥേയരിൽ ജനിപ്പിച്ചത്. 146/5 എന്ന സ്കോറിലാണ് ചായയ്ക്ക് പിരിഞ്ഞത്. അഞ്ചാം വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ പൊളിച്ചതും താക്കൂറാണ്. എന്നാൽ വെരിയെന്നെയ്ക്ക് പകരം വന്ന ജാൻസൺ ഒരറ്റത്ത് ഉറച്ചുനിന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയായി. ടീം സ്കോർ 177ൽ വച്ച് ബൗമയെ മടക്കി അയച്ചതും താക്കൂറാണ്.60 പന്തുകൾ നേരിട്ട ബൗമ ആറു ഫോറും ഒരു സിക്സും പായിച്ചിരുന്നു. രണ്ട് റൺസ് കൂടിച്ചേർത്തപ്പോൾ റബാദയെ(0) ഷമി തിരിച്ചയച്ചെങ്കിലും കേശവും ജാൻസണും ചേർന്ന് ലീഡിലെത്തിച്ച് മുന്നേറി. 217ൽ വച്ച് ബുംറയാണ് കേശവിനെ പുറത്താക്കിയത്. 228ൽ ജാൻസണെയും 229ൽ ലുംഗി എൻഗിഡിയെയും പുറത്താക്കി താക്കൂർ ഏഴുവിക്കറ്റ് തികച്ച് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കർട്ടനിട്ടു.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ കെ.എൽ രാഹുലിനെയും (8)മായാങ്ക് അഗർവാളിനെയുമാണ് (23) നഷ്ടമായത്.35 റൺസുമായി ചേതേശ്വർ പുജാരയും 11 റൺസുമായി അജിങ്ക്യ രഹാനെയുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ.

താക്കൂറിന്റെ താണ്ഡവം

1. 38.5-ാം ഓവറിൽ ഡീൻ എൽഗാറിനെ റിഷഭ് പന്തിന്റെ കയ്യിലെത്തിച്ചാണ് ശാർദ്ദൂൽ താക്കൂർ വിക്കറ്റ് വേട്ട തുടങ്ങിയത്.

2. 42.6-ാം ഓവറിൽ കീഗൻ പീറ്റേഴ്സണിനെ മായാങ്കിന്റെ കയ്യിലെത്തിച്ചു.

3. 44.4-ാം ഓവറിൽ റാസി വാൻ ഡെർ ഡെസൻ റിഷഭിന് ക്യാച്ച് നൽകി.

4.64.6-ാം ഓവറിൽ കൈൽ വെരെയ്ന്നെയെ എൽ.ബിയിൽ കുരുക്കി.

5.66.3-ാം ഓവറിൽ ടെംപ ബൗമയെ റിഷഭിന്റെ കയ്യിലെത്തിച്ചു.

6.79.1-ാം ഓവറിൽ ജാൻസണെ അശ്വിന്റെ കയ്യിലെത്തിച്ചു.

7.79.4-ാം ഓവറിൽ എൻഗിഡി റിഷഭിന് ക്യാച്ച് നൽകി.

ശാർദ്ദൂലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

കരിയറിലെ ആറാമത്തെ ടെസ്റ്റാണിത്.