bhagwant-mann-

ന്യൂഡൽഹി : അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടാൻ ആം ആദ്മി പാർട്ടി (എഎപി) ഒരുങ്ങുന്നതായി സൂചന. ദേശീയ മാദ്ധ്യമങ്ങളിൽ വരുന്ന സൂചന പ്രകാരം പാർലമെന്റ് അംഗമായ ഭഗവന്ത് മാനെ മുഖ്യമന്ത്രിയായി പരിഗണിക്കുവാനാണ് പാർട്ടി തലവൻ അരവിന്ദ് കേജ്രിവാൾ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക രാഷ്ട്രീയകാര്യ സമിതി തീരുമാനം ആയിട്ടാവും.

അതേസമയം ഭഗവന്ത് മാനെ ആം ആദ്മി ഒരിക്കലും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കില്ലെന്നാണ് എതിർകക്ഷികളുടെ വാദം. ഇത്തരമൊരു പ്രചാരണണം ശക്തമാക്കുന്നതിന്റെ പിന്നിൽ ഭഗവന്ത് മാന്റെ കൈകളാണെന്നാണ് ബി ജെ പി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 101 നിയമസഭാ സീറ്റുകളലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പ്രഖ്യാപിച്ചു കഴിഞ്ഞു. പഞ്ചാബ് നിയമസഭയിൽ ആകെ 117 സീറ്റുകളാണുള്ളത്.


തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് മികച്ച സാദ്ധ്യതയാണ് പ്രവചിക്കുന്നത്. 2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഇരുപത് സീറ്റുകളിൽ ജയിച്ച് കരുത്ത് കാട്ടിയിരുന്നു. ഇക്കുറി സൗജന്യ വൈദ്യുതി ഉൾപ്പടെ കൈ നിറയെ വാഗ്ദ്ധാനങ്ങളാണ് ആം ആദ്മി നൽകുന്നത്. ഭരണ കക്ഷിയായ കോൺഗ്രസിലെ ചേരിപ്പോരും, കർഷക സമരം ബി ജെ പിക്ക് എതിരെയുണ്ടാക്കിയ വികാരവുമെല്ലാം ഇക്കുറി ആം ആദ്മിക്ക് തുണയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.