
ന്യൂഡൽഹി: പുതുവർഷദിനത്തിൽ പത്ത് വർഷത്തിനുമേലെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടേയും 15 വർഷത്തിനുമേലെ പഴക്കമുള്ല പെട്രോൾ വാഹനങ്ങളുടേയും രജിസ്ട്രേഷൻ പിൻവലിച്ച് ഡൽഹിയിലെ കേജ്‌രിവാൾ സർക്കാർ. ഡൽഹിയിൽ വർദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണത്തിനുള്ള പരിഹാരമായിട്ടാണ് വാഹനങ്ങൾ ഡീ രജിസ്റ്റർ ചെയ്യുന്നത്. ഏകദേശം ഒരുലക്ഷത്തിന് മേലെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇത്തവണ പിൻവലിക്കുന്നുണ്ട്.
2016ലാണ് പത്ത് വർഷത്തിനു മേലെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പിൻവലിക്കുന്ന രീതിയിൽ ഡൽഹിയിലെ വാഹനനിയമങ്ങളിൽ ആം ആദ്മി സർക്കാർ ഭേദഗതി കൊണ്ടുവരുന്നത്. ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി പത്ത് വർഷമായി കുറച്ചപ്പോൾ പെട്രോൾ വാഹനങ്ങളുടെ കാലാവധി 15 വർഷമായി തന്നെ നിലനിർത്തുകയായിരുന്നു.
അതേസമയം ഡൽഹി നിവാസികൾക്ക് തിരിച്ചടിയാണെങ്കിലും ഡൽഹി സർക്കാരിന്റെ തീരുമാനം കാരണം കോളടിച്ചത് മറ്റ് സംസ്ഥാനക്കാരാണ്. ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഡീസൽ വാഹനങ്ങൾക്ക് 15 വർഷം വരെ അനുവദനീയ കാലാവധിയുണ്ട്. അതിനുശേഷം വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റിൽ പാസായാൽ വീണ്ടും ഉപയോഗിക്കാം. അതിനാൽ തന്നെ ഡൽഹിയിൽ നിന്ന് ഡീ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ചുളുവിലയ്ക്ക് വാങ്ങാൻ ഇവർക്ക് സാധിക്കും.
2016 മുതൽ ഡൽഹി സർക്കാർ വാഹനങ്ങളുടെ ഡീ രജിസ്ട്രേഷൻ നടത്തുന്നുണ്ടെങ്കിലും വാഹനം മറിച്ചുവിൽക്കാനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ ഒ സി) നൽകുന്നില്ലായിരുന്നു. എന്നാൽ അടുത്തിടെ നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയ ഡൽഹി സർക്കാർ ഡീ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന രീതിയിൽ എൻ ഒ സി നൽകാൻ ആരംഭിച്ചിട്ടുണ്ട്.