
ബീജിംഗ്: വരാനിരിക്കുന്ന ഒളിമ്പിക്സിന് മുന്നോടിയായ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്ന ചൈനയിൽ 12 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ഹെനാൻ പ്രവിശ്യയിലെ യുഷോ നഗരത്തിലാണ് സംഭവം. യുഷോയിൽ ഞായറാഴ്ച രണ്ട് പേർക്കും തിങ്കളാഴ്ച ഒരാൾക്ക് കൂടി രോഗബാധ റിപ്പോർട്ട് ചെയ്തതോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കിയത്.
ചൈനയിൽ തിങ്കളാഴ്ച 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വടക്ക് കിഴക്കൻ പ്രവിശ്യയായ ഷിയാനിൽ 95 പേർക്കും തെക്ക്കിഴക്കൻ പ്രവിശ്യയായ ഷെജിയാങ്ങിൽ എട്ട് പേർക്കും ഹെനാനിൽ അഞ്ച് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഈ നഗരങ്ങളും നിലവിൽ ലോക്ക്ഡൗണിലാണ്. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകളൊഴികെ സ്‌കൂളുകൾ, മാളുകൾ തുടങ്ങിയവ തുറക്കുന്നതിനും പൊതുഗതാഗതത്തിനും ഈ പ്രദേശങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മരുന്ന് നിർമ്മാണ കമ്പനികൾക്കും ഊർജോൽപ്പാദന കേന്ദ്രങ്ങൾക്കും കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. അതേ സമയം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പരസ്യമായി ശിക്ഷിക്കുന്ന ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ വ്യാപക വിമർശനം ഉയർന്നു വന്നിട്ടുണ്ട്. അടുത്തിടെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് നാല് പേരെ ചൈനയിൽ പരസ്യമായി തെരുവുകളിലൂടെ നടത്തിച്ചത് വാർത്തയായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ച അവരുടെ മുഖം കാണാതിരുന്നതിനാൽ അവരുടെ ഫോട്ടോയും പേരും ചേർത്ത പ്ലക്കാർഡുകൾ കൈയ്യിൽ നൽകിയാണ് ഇവരോട് പൊതു മദ്ധ്യത്തിലൂടെ നടക്കാൻ പറഞ്ഞത്. ഗുവാങ്സിയുടെ പടിഞ്ഞാറൻ മേഖലയിലെ ജിങ്സി നഗരത്തിലായിരുന്നു സംഭവം. പൗരന്മാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതാണ് ഈ കാടൻ നിയമമെന്ന് വിമർശനമുയർന്നെങ്കിലും പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ വേണ്ടിയാണ് ഇത്തരം ശിക്ഷാനടപടികളെന്നാണ് സർക്കാർ വാദം.