
കായംകുളം: ലോട്ടറിക്കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ ഗുണ്ട കൃഷ്ണപുരം പാലസ് വാർഡിൽ കൃഷ്ണപുരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആമ്പാടിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി അടിപിടി കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ കഴിയവേ വീണ്ടും അക്രമ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. അമ്പാടിയെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കിക്കൊണ്ട് കാപ്പാ ഉത്തരവിലൂടെ നാടുകടത്തിയിരുന്നു. വിലക്കിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ജില്ലയിലേക്ക് പ്രവേശിച്ചിട്ട് കുറച്ച് നാളുകൾക്കുളളിൽ സ്വദേശിയായ ലോട്ടറികച്ചവടക്കാരനെ വടിവാള് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി.
കായംകുളം ഇൻസ്പെക്ടർ ഒ മുഹമ്മദ് ഷാഫി, സബ്ബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അരുൺ, സുനീഷ്, ശരത്, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.