fffgfg

ഇസ്ലാമാബാദ് : താൻ സഞ്ചരിച്ച വാഹനത്തിന് നേരെ ഞായറാഴ്ച രാത്രി അജ്ഞാതർ വെടിയുതിർത്തതായി ആരോപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ. സംഭവത്തിന് പിന്നാലെ റെഹം പാക് സർക്കാരിനെതിരെ അതിരൂക്ഷമായി വിമർശിച്ചു. ഇതാണോ ഇമ്രാൻ ഖാന്റെ പുതിയ പാകിസ്ഥാനെന്ന് പരിഹസിച്ച അവർ ഭീരുക്കളുടെയും തെമ്മാടികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും ട്വിറ്ററിൽ കുറിച്ചു. അനന്തരവന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കാറിന് നേരെ മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്തു. താൻ വാഹനം മാറി കയറിയിരുന്നുവെങ്കിലും തന്റെ പേഴ്സണൽ സെക്രട്ടറിയും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നുവെന്ന് റെഹം ഖാൻ കൂട്ടിച്ചേർത്തു. ഭീരുത്വം നിറഞ്ഞ ഇത്തരം ഗൂഢശ്രമങ്ങൾ നടത്തിന്നതിനേക്കാൾ നേരിട്ടുള്ള പോരാട്ടമാണ് താൻ ഇഷ്ടപ്പെടുന്നതെന്നും മരണത്തെ താൻ ഭയപ്പെടുന്നില്ലെന്നും പറഞ്ഞ റെഹം തനിക്കൊപ്പം പ്രവർത്തിക്കുന്നവരെപ്പറ്റി ആശങ്കയുണ്ടെന്നും കൂട്ടിച്ചേർത്തു.

2014 ൽ ആയിരുന്നു മാദ്ധ്യമപ്രവർത്തകയും മുൻ അവതാരകയുമായ റെഹം ഖാന്റെയും ഇമ്രാൻ ഖാന്റെയും വിവാഹം. 2015 ഒക്ടോബറിൽ ഇരുവരും വിവാഹമോചിതരായി. 48 കാരിയായ റെഹം തന്റെ മുൻ ഭർത്താവിന്റെ കടുത്ത വിമർശകയായാണ് അറിയപ്പെടുന്നത്.