shardul-thakur

ജൊഹാന്നസ്ബർഗ്: ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കെതിരെ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്കയെ തളച്ച് വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ശാർദൂൽ താക്കൂറിന്റ വിക്കറ്റ് വേട്ട. 229 റണ്ണിന് എല്ലാവരും പുറത്തായ ദക്ഷിണാഫ്രിക്കയ്ക്ക് വെറും 27 റണ്ണിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. 62 റണ്ണെടുത്ത കീഗൻ പീറ്റേഴ്സണും 51 റണ്ണുമായി ടെംബാ ബാവുമയും ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങി. വിക്കറ്റ് കീപ്പർ കൈൽ വെരെയ്നെ, മാർക്കോ ജാൻസൺ, കേശവ് മഹാരാജ് എന്നിവർ 21 റണ്ണും ക്യാപ്ടൻ ഡീൻ എൾഗാർ 28 റണ്ണുമെടുത്തു. ദക്ഷിണാഫ്രിക്കൻ നിരയിൽ വേറെയാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല.

രണ്ടാം ദിവസത്തെ കളിയവസാനിപ്പിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റണ്ണെടുത്തിട്ടുണ്ട്. ഓപ്പണർമാരായ കെ എൽ രാഹുലിന്റെയും (8), മായങ്ക് അഗർവാളിന്റെയും (23) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 35 റണ്ണുമായി ചേതേശ്വർ പുജാരയും 11 റണ്ണെടുത്ത അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.

നേരത്തെ ശാർദൂൽ താക്കൂറിന്റെ മികച്ച ബൗളിംഗാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 61 റൺ വിട്ടുകൊടുത്ത് ഏഴ് വിക്കറ്റെടുത്ത ശാർദൂലിന് രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഒരു വിക്കറ്രെടുത്ത ജസ്പ്രീത് ബുമ്രയും മികച്ച പിന്തുണ നൽകി. 30കാരനായ ശാർദൂലിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.