m-sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉടൻ സർവീസിൽ തിരികെ പ്രവേശിക്കും. സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്ന് വൈകി പുറത്തിറങ്ങിയതോടെയാണ് ഇത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉന്നതതല സമിതി നേരത്തേ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ഈ ശുപാർശ വച്ചത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടർന്ന് 2020 ജൂലായ് 16നാണ് എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ഇതിന് പുറമേ സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതും സസ്‌പെൻഷന് കാരണമായി.

എന്നാൽ ഇദ്ദേഹത്തിന് ലഭിക്കുന്ന പുതിയ നിയമനം എന്തായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. 2023 ജനുവരി വരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്. ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസായിരുന്നു. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിൽ ദിവസങ്ങളോളം കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.