
മനാമ: യെമനിൽ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിൽ 00 ലേറെ ഹൂതി വിമതർ കൊല്ലപ്പെട്ടു. മാരിബിലും ശബ്വയിലുമായി നടന്ന ആക്രമണത്തിൽ 22 സൈനിക വാഹനങ്ങളും ഉപകരണങ്ങളും തകർത്തതായാണ് വിവരം. മാരിബിലും ശബ്വയിലുമായി 35 വ്യോമാക്രമണങ്ങളാണ് സേന നടത്തിയത്. ശബ്വയിൽ 23 വ്യോമാക്രമണങ്ങളിൽ 133 ഹൂതികളും മാരിബിൽ 12 വ്യോമാക്രമണങ്ങളിൽ 97 ഹൂതികളും കൊല്ലപ്പെട്ടതായി സൗദി സഖ്യ സേന അറിയിച്ചു.
ഇന്നലെ പുലർച്ചെ അൽബൈദായിലെ അൽ സവാദിയ സൈനിക ക്യാമ്പിന് നേരെയും സഖ്യസേന ശക്തമായ ആക്രമണം നടത്തി. ക്യാമ്പിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആളുകൾക്ക് ഞായറാഴ്ച രാത്രിവരെ സമയം അനുവദിച്ചിരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി സഖ്യസേനയ്ക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണങ്ങളുണ്ടായെങ്കിലും അവ ലക്ഷ്യത്തിലെത്തും മുമ്പ് തകർത്തതായി സഖ്യസേന വക്താവ് അറിയിച്ചു.
യെമൻ തലസ്ഥാനമായ സനയിൽ നിന്നാണ് ഹൂതി വിമതർ സ്‌ഫോടകവസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. അതിർത്തി നഗരമായ നജ്രാനെ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണശ്രമം. ഞായറാഴ്ച വൈകിട്ട് തായ്ഫിനെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണശ്രമമുണ്ടായത്.യെമനിലെ മദ്ധ്യമേഖല പ്രവിശ്യയായ മാരിബിലെ അൽബലാക് അൽഷക്രിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ 160 ഹൂതി വിമതരെ വധിച്ചതായി സൗദിയിലെ മാദ്ധ്യമങ്ങൾ അറിയിച്ചു.