flight

ദുബായ്: ഇന്ത്യയുൾപ്പെടെയുള്ള 12 രാജ്യങ്ങളിൽ നിന്ന് ദുബായ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിലുള്ള ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്ര് ഫലം നിർബന്ധമാക്കി. ജനുവരി രണ്ട് മുതൽ ഇത് കർശനമായി നടപ്പാക്കാൻ ആരംഭിച്ചു. ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാൻ, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ക്യൂ ആർ കോഡ് സഹിതമുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.

ഇതിനു പുറമേ പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പെടുത്ത കൊവിഡ് ആന്റിജൻ ടെസ്റ്റ് റിസൾട്ടും ക്യൂ ആർ കോഡ‌് സഹിതം ഹാജരാക്കണം. കൊവിഡ് സർട്ടിഫിക്കറ്റിൽ പരിശോധന നടത്തിയ കേന്ദ്രത്തിന്റെ വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ദുബായിലേക്കുള്ള യാത്രക്കാർക്ക് മാത്രമല്ല, ദുബായ് വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കാർക്കും ഈ നിബന്ധനകൾ ബാധകമാണ്.

അതേസമയം യു കെയിലെ നിന്നുള്ല യാത്രക്കാർക്ക് അവിടുത്തെ നാഷണൽ ഹെൽത്ത് സർവീസ് (എൻ എച്ച് എസ്) നൽകുന്ന കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ക്യൂ ആർ കോഡ് അടങ്ങിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ദുബായ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കുകയും വേണം.