baba-ram-dev-

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളുകളിൽ 'സൂര്യ നമസ്‌കാർ' പരിപാടി സംഘടിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ മുസ്ലീം സംഘടനകൾ. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡാണ് (എഐഎംപിഎൽബി) ഈ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചത്. സൂര്യ നമസ്‌കാരം ഇസ്ലാം അനുവദിക്കുന്നില്ലെന്ന് എഐഎംപിഎൽബി അഭിപ്രായപ്പെടുന്നു. ഈ വിഷയത്തിൽ ഭരണഘടന ഓരോ ഇന്ത്യക്കാരനും അവരുടെ മതം പിന്തുടരാനുള്ള അവകാശം നൽകിയിട്ടുണ്ടെന്ന് ദാറുൽ ഉലൂം പുറത്തുവിട്ട വീഡിയോയിൽ അഭിപ്രായം അറിയിച്ചിട്ടുണ്ട്.

യോഗാസന പരിശീലനത്തിലൂടെ ഫിറ്റ്നസ് സംസ്‌കാരം സൃഷ്ടിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആയുഷ് മന്ത്രാലയം സൂര്യ നമസ്‌കാർ പ്രോഗ്രാം കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിനായാണ് ഈ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇത് സർക്കാരിന്റെ 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗവുമാണ്. ഹൈദരാബാദിൽ കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിൽ 'സൂര്യനമസ്‌കാരം' എന്ന യോഗാഭ്യാസം ഒരു ദിവസം 13 തവണ വീതം 21 ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്നു. പദ്ധതി 2022 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 20 വരെ നീണ്ടുനിൽക്കും.

എന്നാൽ സൂര്യ നമസ്‌കാരം സൂര്യപൂജയുടെ ഒരു രൂപമാണെന്നും ഇത് ഇസ്ലാം അനുവദിക്കുന്നില്ലെന്നുമാണ് മുസ്ലീം സംഘടനകൾ ആരോപിക്കുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ഭൂരിപക്ഷ സമുദായത്തിന്റെ ആചാരങ്ങൾ എല്ലാ മതങ്ങളിലും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും എഐഎംപിഎൽബി ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പ്രസ്താവനയിൽ പറഞ്ഞു. സൂര്യനമസ്‌കാർ പരിപാടി ബഹിഷ്‌കരിക്കാൻ അദ്ദേഹം മുസ്ലീം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂളുകളിൽ സർക്കാർ എന്തെങ്കിലും പരിപാടികൾ സംഘടിപ്പിക്കേണ്ടി വന്നാൽ ദേശസ്‌നേഹവുമായി ബന്ധപ്പെട്ട പാട്ടുകളുടെയും സംഗീതത്തിന്റെയും പരിപാടി എല്ലാ മതസ്ഥർക്കും പങ്കെടുക്കാവുന്ന തരത്തിൽ സംഘടിപ്പിക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു.