
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ കെ റെയിലിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാളക്കല്ല് അജ്ഞാതർ പിഴുത് മാറ്റി. സ്ഥലത്തെത്തിയ പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള കുറ്റികൾ തുടക്കം മുതൽ ഒടുക്കം വരെയുള്ളവ പിഴുതെറിയുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് കണ്ണൂരിൽ അതിരടയാളക്കല്ല് അജാഞാതർ പിഴുത് മാറ്റിയത്.
സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും ക്രമസമാധാന തകർച്ച മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചു വരുത്തുന്നതാണെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സിൽവർ ലൈൻ പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നും അത് അനുവദിക്കാൻ സാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവ്‌ലിനെക്കാളും കമ്മീഷൻ കിട്ടുമെന്നുള്ളത് കൊണ്ടാണ്. സമരമുഖത്തേക്ക് കുടൂതൽ ജനങ്ങളെ കൊണ്ടുവരുമെന്നും സർക്കാർ പ്രഖ്യാപിച്ച പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം തിരുവനന്തപുരം, എറണാകുളം, കാസർകോട് എന്നീ ജില്ലകളിലെ സാമൂഹികാഘാത പഠനത്തിനായുള്ല വിജ്ഞാപനം ഇറങ്ങി.
കാസർകോട് ജില്ലയിൽ കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിലെ പ്രദേശങ്ങളിലാണ് വിജ്ഞാപനം ഇറങ്ങിയത്. എറണാകുളത്ത് ആലുവ, കണയന്നൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരത്ത് തിരുവനന്തപുരം, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലുമാണ് വിജ്ഞാപനം.