
പാറശാല: ധനുവച്ചപുരത്ത് മൂന്നംഗസംഘം നടത്തിയ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ധനുവച്ചപുരം പാർക്ക് ജംഗ്ഷന് സമീപം നടൂർകൊല്ല വാറുതട്ട് പുത്തൻവീട്ടിൽ താമരിയുടെ വീടിനുനേരെയാണ് തിങ്കളാഴ്ച രാത്രി 10.30ഓടെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം വീടിന് മുന്നിലെത്തി അസഭ്യം പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം. വീട്ടിലുണ്ടായിരുന്നവർ ഇത് ചോദ്യംചെയ്തു. തുടർന്ന് വടിവാളും കുറുവടിയുമായി എത്തിയ സംഘം വീടിന്റെ ജനാലകൾ അടിച്ച് തകർത്ത ശേഷം സ്ത്രീകളടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു. അൽപ്പനേരത്തിന് ശേഷം മറ്റൊരു സംഘവും ഇവർക്കൊപ്പം ചേർന്നു. താമരിയുടെ മക്കളായ സുരേഷ് (43), അനീഷ് (35), സുരേഷിന്റെ ഭാര്യ ഷീജ (35), ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളായ അരുൺ (35), സന്തോഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ പാറശാല പൊലീസാണ് പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുരേഷ്, അനീഷ് എന്നിവർക്ക് കൈയ്ക്കും ഷീജയ്ക്ക് ശരീരമാസകലവും പരിക്കുണ്ട്. സംഭവത്തിൽ അയൽവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സാം എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.