covid-19

ജനീവ: കൊവിഡ് ബാധിതർക്ക് 14 ദിവസത്തെ ക്വാറന്റീൻ ശുപാർശ ചെയ്യുന്നതായി ലോകാരോഗ്യ സംഘടനയിലെ കൊവിഡ് മാനേജ്‌മെന്റ് സപ്പോർട്ട് ടീം അംഗം അബ്ദി മഹമൂദ്. രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങി അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ മിക്ക ആളുകളും രോഗമുക്തരാകുന്നുണ്ടെങ്കിലും, രണ്ടാഴ്ചത്തെ ക്വാറന്റീൻ ശുപാർശ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


ഒരോ രാജ്യവും അവരുടെ നിലവിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ക്വാറന്റീൻ കാലാവധിയെക്കുറിച്ച് തീരുമാനമെടുക്കണമെന്നും, കൂടുതൽ ദിവസം ക്വാറന്റീനിൽ ഇരിക്കുന്നത് രോഗവ്യാപനം പരമാവധി കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും പെട്ടെന്ന് പകരുന്ന വൈറസ് ലോകം കണ്ടിട്ടില്ലെന്നാണ് അബ്ദി മഹമൂദ് പറയുന്നത്. ഡെൻമാർക്കിൽ, ആൽഫ വകഭേദത്തിനൊപ്പം കൊവിഡ് കേസുകളുടെ എണ്ണം ഇരട്ടിയാകാൻ രണ്ടാഴ്ചയെടുത്തു. എന്നാൽ ഒമിക്രോണിന്റെ കാര്യത്തിൽ വെറും രണ്ട് ദിവസം മാത്രമേ എടുത്തുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞ മാസം 29 വരെ 128 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലാണ് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതെങ്കിലും ഇവിടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാൽ എല്ലാ രാജ്യങ്ങളിലെയും അവസ്ഥ ഇതല്ല.