
അമ്പലപ്പുഴ : രൺജിത്ത് വധക്കേസിലെ പ്രതിക്ക് മൊബൈൽ സിം കാർഡ് സംഘടിപ്പിച്ചത് പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആലിശേരി വെളിയിൽ വത്സലയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വത്സല കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ വീടിനടുത്തുള്ള ബി ആൻഡ് ബി മൊബൈൽ ഷോപ്പിൽ നിന്ന് സിം കാർഡ് എടുത്തിരുന്നു.
ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ കഴിഞ്ഞ് ഇവർക്ക് സിം കാർഡ് നൽകി. പിന്നീട് ഈ വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരു സിം കാർഡെടുത്ത് കടയുടമ ബാദുഷയും എസ്.ഡി.പി.ഐക്കാരനായ പഞ്ചായത്തംഗം സുൾഫിക്കറും ചേർന്ന് കൊലയാളി സംഘത്തിന് നൽകിയെന്നാണ് വിവരം. സിം കാർഡ് ഉടമ വത്സലയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇവർ തട്ടിപ്പിനെപ്പറ്റി അറിഞ്ഞത്. വത്സല വിവരങ്ങൾ വെളിപ്പെടുത്തിയതോടെ കടയുടമ ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസ് സ്‌റ്റേഷനിൽ തലചുറ്റി വീണെന്ന് വത്സല വെളിപ്പെടുത്തി. 'സുൾഫിക്കറും ബാദുഷയും പറ്റിക്കുമെന്ന് കരുതിയില്ല. മകന്റെ കൂട്ടുകാരനാണ് സുൾഫിക്കർ. മകൻ ഇരുപത്തിമൂന്നാമത്തെ വയസിൽ അപകടത്തിൽ മരിച്ചു. മകന്റെ സ്ഥാനത്താണ് സുൾഫിക്കറിനെ കണ്ടിരുന്നത് ' വത്സല പറഞ്ഞു. ഒളിവിലുള്ള സുൾഫിക്കറിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി