flurona

രണ്ട് വർഷത്തോളമായി കൊവിഡ് എന്ന മഹാമാരിയുടെ പിടിയിലാണ് ലോകം മുഴുവനും. ഏറിയും കുറഞ്ഞുമിരിക്കുന്ന കൊവിഡ് കണക്കുകളിൽ ലോകമൊട്ടാകെ ഇതുവരെ 29 കോടിയോളം പേരാണ് രോഗബാധിതരായത്. 54 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇന്ത്യയിൽ മൂന്നരകോടി ജനങ്ങളെ രോഗം കീഴടക്കി. കൊവിഡിന്റെ മാരക വകഭേദമായി കണ്ടെത്തിയ ഡെൽറ്റയ്ക്ക് പുറമേ അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ ആണിപ്പോൾ ആശങ്കയായി മുന്നേറുന്നത്. എന്നാലിപ്പോൾ ലോകത്തെ വിഴുങ്ങാൻ ശേഷിയുള്ള മറ്റൊരു രോഗം കൂടി വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുകയാണ്. കൊറോണയും ഇൻഫ്ളൂവൻസയും കൂടിചേർന്ന ഫ്ളൂറോണ. എന്നാലിത് കൊവിഡിന്റെ വകഭേദമല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ അവകാശപ്പെടുന്നത്.

ഉത്ഭവ സ്ഥലം

ഇസ്രായേലിലെ പെറ്റക് ടിക്വയിലെ റാബിൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയിലാണ് ഫ്ലൂറോണ ആദ്യമായി കണ്ടെത്തിയത്. ഇവരിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. യുവതി ഫ്ളൂവിനോ കൊവിഡിനോ വാക്സിൻ സ്വീകരിച്ചിരുന്നില്ല. വൈറൽ പനിയുടെ ലക്ഷണങ്ങളും ശ്വാസത്തടസവും ഇവർക്കുണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ഇവരെ ആശുപതിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

എന്താണ് ഫ്ളൂറോണ

കൊറോണയും ഇൻഫ്ളൂവൻസയും കൂടിചേർന്ന രോഗമാണ് ഫ്ളൂറോണ. കൊവിഡിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു സങ്കരരോഗത്തിന്റെ സാദ്ധ്യത ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. നേരിയ പനിയും ഫ്ളൂറോണയിലേക്ക് നയിക്കാം. ശൈത്യക്കാലത്ത് അതിരൂക്ഷമായ പനി സീസൺ അഥവാ 'ട്വിൻഡമിക്' ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി യു എസിലെ ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഫ്ളൂറോണ ബാധിച്ചാൽ

കൊറോണ, ഫ്ളൂ എന്നീ രണ്ട് രോഗങ്ങളും ഒന്നിച്ച് ചേർന്നുള്ള രോഗം കൂടുതൽ സങ്കീർണമാകാമെന്ന് ഫ്ളൂറോണയെക്കുറിച്ച് പഠനം നടത്തുന്ന ഇസ്രായേൽ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തുന്നു. മാത്രമല്ല ഫ്ളൂറോണ ന്യൂമോണിയ, ശ്വാസകോശ സങ്കീർണതകൾ, മയോകാർഡിറ്റിസ് തുടങ്ങിയ നിരവധി ഗുരുതര രോഗങ്ങൾക്ക് ഇടയാക്കാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ ചികിത്സ ലഭ്യമാകാതിരുന്നാൽ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനും കാരണമാകുന്നു.

പ്രതിരോധം എങ്ങനെ

കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് ഫ്ലൂറോണയ്ക്കും. ഉയർന്ന ശരീര താപം, തുടർച്ചയായുള്ള ചുമ, തൊണ്ട വേദന, മണവും രുചിയും നഷ്ടപ്പെടുക, തലവേദന, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഫ്ലൂറോണയുടെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും കൊവിഡ് ടെസ്റ്റിന് വിധേയരാകണം. സാമൂഹിക അകലം പാലിക്കൽ, കൈകൾ വൃത്തിയായി കഴുകൽ, മാസ്ക് ധരിക്കുന്നത് പോലുള്ള കൊവിഡിന്റെ എല്ലാ മാ‌ർഗനിർദേശങ്ങളും ഫ്ലൂറോണയ്ക്കും പാലിക്കണം. കൊവിഡ് വാക്സിൻ രണ്ട് ഡോസും നിർബന്ധമായും സ്വീകരിക്കണം. ഫ്ളൂ വാക്സിനുകൾ സ്വീകരിക്കുന്നതും കൂടുതൽ പ്രതിരോധം നൽകുന്നു.