
കോട്ടയം: നഗരസഭയിലെ സൈറൺ സമയം തെറ്റി മുഴങ്ങിയത് പരിഭ്രാന്തിയ്ക്കിടയാക്കി. എട്ടിന് അടിക്കേണ്ട സൈറൺ ഏഴിന് അടിച്ചതാണ് നഗരവാസികളെ ആശങ്കയിലാക്കിയത്. സൈറൺ മുഴക്കാൻ ചുമതല ഏൽപ്പിച്ചിരുന്ന ജീവനക്കാരൻ ഉറങ്ങിപ്പോയതാണ് നഗരത്തെ മുൾമുനയിലാക്കിയത്. രാവിലെയും രാത്രി എട്ടിനും ഉച്ചക്ക് ഒന്നിനുമാണ് സൈറൺ മുഴുങ്ങുന്നത്. ദുരന്തസമയത്തോ വി.ഐ.പികളുടെ മരണമോ സംഭവിച്ചാൽ അറിയിക്കാൻ അപൂർവ അവസരങ്ങളിൽ സമയം നോക്കാതെ സൈറൺ മുഴങ്ങാറുണ്ട്. ഇത്തരത്തിലൊന്നാണോ എന്നറിയാൻ പലരും മാദ്ധ്യമ ഓഫിസുകളിലും മറ്റും വിളിച്ച് കാര്യമന്വേഷിച്ചു. വർക്കർമാർക്കാണ് സൈറൺ മുഴക്കാനുള്ള ചുമതല. ചൊവ്വാഴ്ച ഡ്യൂട്ടി നിശ്ചയിച്ചിരുന്ന ആൾ പെട്ടെന്ന് അവധിയെടുത്തതോടെ താൽക്കാലികമായി തമിഴ്നാട് സ്വദേശിയെ ഏൽപ്പിക്കുകയായിരുന്നു. ഉറങ്ങിയെഴുന്നേറ്റപ്പോൾ സമയം ആയെന്നു കരുതി ഏഴിന് സൈറൺ മുഴക്കിയതായിരുന്നു. ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയതിന് ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.