
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഒരു തെരുവിൽ ഒരു സ്ത്രീ നടന്നുപോകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇവർ ചുമ്മാതങ്ങ് നടക്കുകയായിരുന്നില്ല. തന്റെ വളർത്തുമൃഗത്തെ കൈകളിൽ ചുമന്നുകൊണ്ടാണ് ഇവർ നടന്നിരുന്നത്. ഇതിലെന്താണ് ഇത്രയ്ക്ക് അത്ഭുതപ്പെടാനെന്ന് ചോദിക്കാൻ വരട്ടെ. ഈ വളർത്തുമൃഗം ചില്ലറക്കാരനല്ല. സാക്ഷാൽ ഒരു കൂറ്റൻ സിംഹം. സിംഹം ഉടമസ്ഥയിൽ നിന്ന് സ്വതന്ത്രനാകാൻ കൈകാലിട്ടടിക്കുന്നതാണ് വീഡിയോയിലുള്ളത്. ചാടിപ്പോയ സിംഹം തെരുവിൽ ഭീതി പരത്തുകയും ചെയ്തു.
hate when this happens pic.twitter.com/laYa0FtSsI
— Dylan Burns🕊️🏳️🌈 (@DylanBurns1776) January 3, 2022
സിംഹം ഉടമസ്ഥയുടെ കൈകളിൽ കിടന്ന് വെപ്രാളപ്പെടുന്നതും ഉച്ചത്തിൽ മുരളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ട്വിറ്ററിൽ 4.5 ലക്ഷം വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചത്. അനേകംപേർ തങ്ങളുടെ ഞെട്ടലും കമന്റിൽ പങ്കുവച്ചു.
സിംഹം സ്ത്രീയുടെയും പിതാവിന്റെയും ഉടമസ്ഥതയിൽ ഉള്ളതാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ചാടിപ്പോയ സിംഹത്തെ അധികൃതർ കണ്ടെത്തുകയും തിരികെ ഉടമസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു.
ഇത്തരം അസാധാരണ മൃഗങ്ങളെ വളർത്തുന്നത് കുവൈറ്റിൽ നിയമവിരുദ്ധമാണെങ്കിലും സിംഹം, കടുവ തുടങ്ങിയ മൃഗങ്ങളെ വളർത്തുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ലോകമൊട്ടാകെയുള്ള മൃഗസംരക്ഷണ പ്രവർത്തകരുടെ വിമർശനം വ്യാപകമാകുമ്പോഴും ഇത്തരം മൃഗങ്ങളെ വളർത്തുന്നത് തുടർക്കഥയാണ്.