chennithala-

തിരുവനന്തപുരം : യു ഡി എഫ് നേതാക്കളുടെ യോഗത്തിലേക്ക് മുതിർന്ന നേതാക്കളായ ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും ക്ഷണിക്കാതെ നേതൃത്വം. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചുള്ള ചർച്ചയിലാണ് ഇവർക്ക് പ്രവേശനം അനുവദിക്കാൻ പാർട്ടി മടിക്കുന്നത്. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനെതിരെ സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ഏത് രീതിയിൽ വേണം എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് യു ഡി എഫ് നേതാക്കൾ ഇന്ന് യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം.

എന്നാൽ ഉമ്മൻചാണ്ടിക്കും, രമേശ് ചെന്നിത്തലയ്ക്കും ക്ഷണമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ കക്ഷി നേതാക്കളുടെ യോഗമായതിനാലാണ് ഇരുവരേയും ക്ഷണിക്കാതിരുന്നതെന്നാണ് പാർട്ടി ഉന്നതർ നൽകുന്ന വിശദീകരണം. തിരുവനന്തപുരത്ത് ഉണ്ടായിട്ടും കഴിഞ്ഞ തവണത്തെ യുഡിഎഫ് യോഗത്തിലും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. പാർട്ടിയിലെ തീരുമാനങ്ങൾ കൂടിയാലോചനകളില്ലാതെ എടുക്കുന്നു എന്ന പരാതി ഇരു നേതാക്കളും ഉയർത്തുന്നുണ്ട്. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഗവർണറുമായുള്ള വിഷയത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.