checking

ചെന്നൈ: കൊവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ആരംഭിച്ചതായി അറിയിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം ശക്തമാകുന്നു. ഇന്ന് 2731 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാന അതിർത്തിയിൽ വ്യാപക പരിശോധന ആരംഭിച്ചു.

വാളയാർ അതിർത്തിയിലാണ് തമിഴ്‌നാട് പരിശോധന തുടങ്ങിയത്. കെ.എസ്.ആർ.ടി.സി, ചരക്ക് വാഹനങ്ങൾ എന്നിവ പരിശോധിക്കുന്നില്ല. എന്നാൽ സ്വകാര്യവാഹനങ്ങളെ പരിശോധിക്കുന്നുണ്ട്. ആർടിപിസിആർ സർട്ടിഫിക്ക‌റ്റ് ഇല്ലാത്തവരെ മുന്നറിയിപ്പ് നൽകി യാത്ര അനുവദിക്കുന്നുണ്ട് എന്നാൽ ആരെയും തിരികെ അയച്ചിട്ടില്ല.

തമിഴ്‌നാട്ടിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ തലസ്ഥാനമായ ചെന്നൈയിലാണ്. 1489 കേസുകൾ. ചെങ്കൽപേട്ടിൽ 290, തിരുവള‌ളൂരിൽ 147 കേസുകളും റിപ്പോർട്ട് ചെയ്‌തു. ചെന്നൈയിലെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ സർക്കാർ നിർദ്ദേശമുണ്ട്. കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അഞ്ച് ലക്ഷം പേരാണ് ചെന്നൈ നഗരത്തിൽ മാത്രമുള‌ളത്. ഇവർക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാൻ ശ്രമം തുടരുകയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർക്ക് യാത്രാ ചരിത്രമുള‌ളവരാണ്. 1,03,798 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. വിവിധ ജില്ലകളിൽ മയിലാടുതുറയിൽ നിന്ന് മാത്രമാണ് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത്. 15 ജില്ലകളിൽ 10ൽ താഴെ രോഗികൾ മാത്രമാണുള‌ളത്. സംസ്ഥാനത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 121 ആണ്. അതിനിടെ ഇന്നുമുതൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തമിഴ്‌നാട്ടിൽ നിയമസഭ ചേരും. അംഗങ്ങൾ തമ്മിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കലൈവാണർ അരംഗം ഓ‌‌ഡി‌റ്റോറിയത്തിലാണ് ഇത്തവണ സഭ ചേരുന്നത്. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.