
കോഴിക്കോട്: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധക്കാരെ മുഴുവൻ ഒരുമിച്ചു ചേർത്ത് വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ആരുമായി ചർച്ച നടത്തിയാലും ഈ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോൾ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും, ആരെയെങ്കിലും ഒഴിപ്പിക്കാൻ ശ്രമിച്ചാൽ അത് തടയുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മന്ത്രിക്ക് ടോയ്‌ലറ്റ് നിർമിക്കാൻ നാലര ലക്ഷമാണ് സർക്കാർ ചെലവാക്കിയത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലര ലക്ഷം രൂപ നൽകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎമ്മിന് രക്ഷപ്പെടാനുള്ള അവസാന ബസ് ആയതുകൊണ്ട് എന്തു കൊള്ളയും നടത്താമെന്നാണ് അവർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ള നടത്തി പാവങ്ങൾക്ക് തുച്ഛമായ തുക നൽകാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.