kavya

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബാലചന്ദ്രൻ തന്റെ കൈയിലുള്ള രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടെന്നും ഒരു വിഐപി കേസിൽ ഇടപെട്ടിട്ടുണ്ടെന്നുമാണ് പ്രധാനമായും ബാലചന്ദ്രൻ വെളിപ്പെടുത്തിയത്. എന്നാൽ ആ വിഐപി ആരാണെന്ന് മാത്രം അദ്ദേഹം തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ വീണ്ടും സൂചന നൽകുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ബാലചന്ദ്രന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.

ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്, അദ്ദേഹം അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കും. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യാ മാധവൻ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറികാർഡ് ദിലീപിന് കൈമാറിയതിൽ ഈ വിഐപിക്ക് പങ്കുണ്ടെന്ന് ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടർ അന്വേഷണത്തിന് കോടതി അനുമതി നൽകിയത്.