time-

സമയം അമൂല്യമാണെന്ന വസ്തുത ബാല്യ കാലം മുതൽക്കേ നമ്മൾ കേൾക്കാറുണ്ട്, ഇതിനൊപ്പം ഒന്നും ചെയ്യാനില്ലാതെ വെറുതെ സമയം കളയുന്ന അവസ്ഥയിലൂടെയും നമ്മളിൽ പലരും കടന്ന് പോയിട്ടുണ്ട്. ഇത്തരക്കാർക്ക് വേണ്ടിയുള്ളതാണ് ടൈം ബാങ്കുകൾ. സ്വിസ് പൗരന്മാരാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കൾ. അവർ പണം പോലെ തന്നെ സമയവും ബാങ്കുകളിൽ നിക്ഷേപിക്കും. ആവശ്യമുള്ള സമയത്ത് തിരിച്ചെടുക്കുകയും ചെയ്യും. സ്വിസ് ആരോഗ്യ മന്ത്രാലയം ഒരു വാർദ്ധക്യ സഹായ പദ്ധതിയായിട്ടാണ് ടൈം ബാങ്ക് എന്ന ആശയം സൃഷ്ടിച്ചത്.

ഈ പദ്ധതി പ്രകാരം സമയം അധികമുള്ളയാൾ ആ സമയം പ്രായമായ ഒരാൾക്ക് സഹായം ചെയ്യുന്നതിനോ, അയാളുടെ എന്തെങ്കിലും ആവശ്യം സാധിച്ചു നൽകുന്നതിനോ ചെലവഴിക്കാം. ഇതിനായി വേണ്ടി വന്ന സമയം ഈ സഹായിയുടെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേർക്കും. പിന്നീട് എന്തെങ്കിലും ആവശ്യം ഇയാൾക്കുണ്ടായാൽ അതിനായി മറ്റൊരു സന്നദ്ധപ്രവർത്തകന്റെ സമയം ഉപയോഗിക്കാനാവും. ഉടൻ ആവശ്യങ്ങളില്ലെങ്കിൽ ടൈംബാങ്കിൽ നിക്ഷേപിച്ച സമയം സന്നദ്ധപ്രവർത്തകനായ ആളിന് വാർദ്ധക്യ കാലത്ത് ഒന്നിച്ച് ഉപയോഗിക്കാനാവും. മറ്റൊരു സന്നദ്ധപ്രവർത്തകൻ സഹായത്തിനെത്തി പരിപാലിക്കും.

സ്വിസ് ആരോഗ്യ മന്ത്രാലയം കൊണ്ടുവന്ന ടൈം ബാങ്കിംഗ് എന്ന ലളിതമായി ആശയം ഇപ്പോൾ മറ്റു രാജ്യങ്ങളും പിന്തുടരുകയാണ്. ബ്രിട്ടനും, സിംഗപ്പൂരുമെല്ലാം ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സേവനത്തിൽ ഐടി സേവനങ്ങൾ, കൺസൾട്ടേഷനുകൾ, ബേബി സിറ്റിംഗ്, ഹെയർഡ്രെസിംഗ്, ഗാർഡനിംഗ് ഉൾപ്പടെയുള്ള പ്രവർത്തികളും താമസിയാതെ കൂട്ടിച്ചേർത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.