
ന്യൂഡൽഹി: ഒളിംപിക്‌സ് അത്‌ലറ്റിക്സ് ഇനത്തിൽ ഇന്ത്യയിൽ ആദ്യമായി സ്വർണമെഡൽ എത്തിച്ചയാളാണ് ഹരിയാന സ്വദേശി നീരജ് ചോപ്ര. ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ സ്വർണമുത്ത്. ജാവലിൻ ത്രോയിലായിരുന്നു നീരജ് ചരിത്രം കുറിച്ചത്. ടോക്കിയോയിൽ നടന്ന കഴിഞ്ഞ ഒളിംപിക്സിൽ രണ്ടാം മെഡൽ ജേതാവ് കൂടിയാണ് നീരജ്. മെഡൽ നേടിയപ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ സ്വന്തം നാട്ടുകാർ തന്നെ ഇപ്പോൾ തന്റെ മനസമാധാനം നഷ്ടപ്പെടുത്തുകയാണെന്ന് പരാതിപ്പെടുകയാണ് നീരജ് ചോപ്ര. ഒടുവിൽ രക്ഷയില്ലാതായപ്പോൾ അമേരിക്കയിലേയ്ക്ക് മുങ്ങേണ്ടി വരികയും ചെയ്തു താരത്തിന്.
പരിശീലനത്തിനായി ഇന്ത്യ വിട്ട് യു എസിലേയ്ക്ക് പോകേണ്ടി വന്നത് നാട്ടിലെ വിവാഹക്ഷണങ്ങൾ പൊറുതിമുട്ടിച്ചതിനാലാണെന്നാണ് നീരജ് വെളിപ്പെടുത്തിയത്. വിവാഹക്ഷണങ്ങൾ ശ്രദ്ധ തിരിക്കുന്നുവെന്നും പരിശീലനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് യു എസിലേയ്ക്ക് പോയതെന്നും താരം പറഞ്ഞു. ഒരു വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവച്ചത്. ടോക്കിയോ ഒളിംപിക്‌സിനുശേഷം അടുത്തിടെയാണ് നീരജ് യു എസിലേയ്ക്ക് പറന്നത്.
കായികതാരങ്ങളായ തങ്ങൾ കരിയറിലെ ഭൂരിഭാഗം സമയവും പരിശീലനത്തിനായി കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിട്ടുനിൽക്കുന്നരാണ്. എന്നാൽ ഒളിംപിക്‌സിൽ മെഡൽ നേടിയശേഷം തനിക്ക് ചുറ്റും ആളുകൾ കൂടാൻ തുടങ്ങി. പ്രശംസകൾ ചൊരിയാൻ തുടങ്ങി. എന്നാലിത് പ്രതീക്ഷകളുടെ അമിതഭാരത്തിലേയ്ക്ക് നയിക്കുകയും അത്‌ലറ്റുകൾക്കിടയിൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മാനസികാരോഗ്യത്തെയും ബാധിക്കുന്നു. അതിനാൽ പഴയ ശീലങ്ങളിലേയ്ക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നും യു എസിലേയ്ക്ക് മടങ്ങിയശേഷം കൂടുതൽ ആശ്വാസമുണ്ടെന്നും നീരജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹരിയാനയിൽ ഇപ്പോൾ വിവാഹസീസണാണ്. അതിനാൽ തന്നെ പല വിവാഹങ്ങൾക്കും തനിക്ക് ക്ഷണമുണ്ട്. ഇതെല്ലാം തന്നെ തളർത്തിയിരുന്നു. യു എസിൽ എത്തിയതോടെ മനസമാധാനത്തോടെ പരിശീലിക്കാൻ സാധിക്കുന്നുണ്ടെന്നും സന്തോഷവാനാണെന്നും നീരജ് കൂട്ടിച്ചേർത്തു.