
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി വർഗീസിനെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിച്ചുവരവെയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പാർട്ടിയുമായി അകൽച്ചയിലായിരുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനടക്കം ഏഴുപേർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടു. പുതുതായി 10പേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
മുൻമന്ത്രി എം.എം മണിയുടെ മകൾ സുമ സുരേന്ദ്രനും പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 39 അംഗ ജില്ലാ കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. ആരോഗ്യ കാരണങ്ങളാൽ കെ.കെ ജയചന്ദ്രൻ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് സി.വി വർഗീസിനെ തിരഞ്ഞെടുത്തത്. 1979ൽ പാർട്ടി അംഗമായ വർഗീസ് 2001 മുതൽ ജില്ലാ കമ്മിറ്റിയംഗമാണ്. പിന്നീട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.