flights-

കാഠ്‌മണ്ഡു : ചൈന നിർമ്മിക്കുന്ന വസ്തുക്കളിൽ കേടാവാത്തത് മെയ്ഡ് ഇൻ ചൈന എന്ന് സ്റ്റിക്കർ മാത്രമാണെന്നും കാരണം അത് കൊറിയയിലാണ് നിർമ്മിക്കുന്നതെന്ന് പരിഹസിക്കുന്നവരുണ്ട്. ഇത് ഏറെക്കുറെ ശരിയാണെന്നാണ് ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ ഇപ്പോൾ സമ്മതിക്കുന്നത്. നേപ്പാൾ എയർലൈൻസിന് വേണ്ടിയാണ് സർക്കാർ ആറ് യാത്രാ വിമാനങ്ങൾ ചൈനയിൽ നിന്നും സ്വന്തമാക്കിയത്. വിമാനങ്ങൾ വാങ്ങാൻ കാശില്ലാത്തതിനാൽ ചൈന നേപ്പാളിനായി പണം വായ്പയായി അനുവദിക്കുകയായിരുന്നു.

അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തതാണ് വിമാനങ്ങളെ കട്ടപ്പുറത്ത് വയ്ക്കാൻ നേപ്പാൾ തീരുമാനിച്ചത്. ഇതിനായി നിലവാരമില്ലാത്ത ഉപകരണങ്ങളാണ് ചൈന വിതരണം ചെയ്തതെന്നും ആക്ഷേപമുണ്ട്. 2014 നും 2018 നും ഇടയിലാണ് നേപ്പാൾ ചൈനയിൽ നിന്നും വിമാനങ്ങൾ സ്വന്തമാക്കിയത്. ആറ് ചൈനീസ് വിമാനങ്ങളിൽ രണ്ട് എം എ 60 വിമാനങ്ങളും, നാല് വൈ 12 ഇ വിമാനങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് വിഭാഗത്തിലും ഓരോ വിമാനങ്ങൾ ചൈന നേപ്പാളിന് ഗ്രാന്റായി നൽകുകയും നാല് വിമാനങ്ങൾ വിൽക്കുകയുമായിരുന്നു. ഇതിൽ ഒരു വൈ 12 ഇ വിമാനം 2018ലെ അപകടത്തിൽ തകർന്നിരുന്നു. വിമാനങ്ങൾക്ക് നിരവധി സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെലവേറിയതും സമയമെടുക്കുന്നതുമാണെന്നും നേപ്പാൾ പരാതിപ്പെടുന്നു. ഒപ്പം വേഗത്തിൽ സ്‌പെയർ പാർട്സുകൾ ലഭിക്കുന്നുമില്ല. ഇതിന് പുറമേ ഇനിയും വിമാനം പറത്താൻ നേപ്പാൾ പൈലറ്റുമാർക്ക് കഴിയാത്തതും തിരിച്ചടിയായി. ചൈനയിൽ പൈലറ്റുമാരുണ്ടെങ്കിലും അവർക്ക് സാങ്കേതിക കാര്യങ്ങൾ നേപ്പാൾ പൈലറ്റുമാർക്ക് പറഞ്ഞു നൽകാൻ ഭാഷ പ്രശ്നമാവുകയായിരുന്നു. നേപ്പാൾ ധനകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ് നേപ്പാൾ എയർലൈൻസ്.

flights-

1.5 ശതമാനം വാർഷിക പലിശ നൽകി ചൈനയിൽ നിന്നും വായ്പ എടുത്താണ് നേപ്പാൾ ഈ വിമാനങ്ങൾ വാങ്ങിയത്. എന്നാൽ വിമാനങ്ങൾ ശരിക്കും ഉപയോഗിക്കാൻ കഴിയാത്തതിനാൽ വായ്പ തിരിച്ചടയ്ക്കാൻ നേപ്പാൾ കഷ്ടപ്പെടുകയാണ്. 35.1 മില്യൺ യുഎസ് ഡോളറിന്റെതാണ് വായ്പതുക. നേപ്പാളിനൊപ്പം എം എ 60 വിമാനങ്ങളും, വൈ 12 ഇ വിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശിനേയും ചൈന നിർബന്ധിച്ചിരുന്നു. ഇതിനായി രണ്ട് രാജ്യങ്ങളിൽ നിന്നും സംഘങ്ങൾ ചൈനയിൽ സന്ദർശനം നടത്തിയെങ്കിലും വിമാനം അനുയോജ്യമല്ലെന്ന് ബംഗ്ലാദേശ് വിലയിരുത്തി. അതേസമയം ആറ് വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനവുമായി നേപ്പാൾ മുന്നോട്ട് പോവുകയും ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുമായി (എവിഐസി) കരാർ ഒപ്പിടുകയുമായിരുന്നു.