car

ന്യൂഡൽഹി: ചിപ്പ് ക്ഷാമം മൂലം വാഹനോത്പാദനം കുറഞ്ഞതോടെ റീട്ടെയിൽ വില്പന നേരിടുന്ന നഷ്‌ടം തുടരുന്നു. കഴിഞ്ഞമാസം വില്പന 2020 ഡിസംബറിനേക്കാൾ 16.05 ശതമാനം ഇടിഞ്ഞുവെന്ന് വിതരണക്കാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) വ്യക്തമാക്കി. 2019 ഡിസംബറിനേക്കാൾ ആറു ശതമാനം നഷ്‌ടവും കഴിഞ്ഞമാസമുണ്ടായി.

ത്രീവീലറുകൾ 59 ശതമാനവും വാണിജ്യവാഹനങ്ങൾ 14 ശതമാനവും വില്പന വളർച്ച കഴിഞ്ഞമാസം നേടി. ടൂവീലറുകൾ 20 ശതമാനവും പാസഞ്ചർ വാഹനങ്ങൾ (കാർ, എസ്.യു.വി) 11 ശതമാനവും ട്രാക്‌ടറുകൾ 10 ശതമാനവും ഇടിഞ്ഞതാണ് വിപണിയെ ഉലച്ചത്. എല്ലാ വിഭാഗങ്ങളിലുമായി 15.58 ലക്ഷം വാഹനങ്ങൾ ഡിസംബറിൽ പുതുതായി നിരത്തിലെത്തി. 2019 ഡിസംബറിൽ 16.63 ലക്ഷവും 2020 ഡിസംബറിൽ 18.56 ലക്ഷവുമായിരുന്നു വില്പന.

വാഹന വിപണിയിൽ ഡിമാൻഡ് ഇപ്പോഴുമുണ്ട്. ചിപ്പ് ക്ഷാമം മൂലം നിർമ്മാണം കുറഞ്ഞതും ഇഷ്‌ടവാഹനങ്ങൾക്കായുള്ള നീണ്ട കാത്തിരിപ്പുമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്.

നിരാശയുടെ ട്രാക്ക്

കഴിഞ്ഞമാസത്തെ വില്പനവളർച്ച.

 2 വീലർ : -19.86%

 3 വീലർ : +59.50%

 കാറുകൾ : -10.91%

 ട്രാക്‌ടർ : -10.32%

 വാണിജ്യം : +13.72%

 മൊത്തം : -30.75%

3 ലക്ഷം കടന്ന്

ഇലക്‌ട്രിക് വില്പന

2020നേക്കാൾ ഇരട്ടിയോളം വർദ്ധിച്ച് 2021ൽ ഇലക്‌ട്രിക് വാഹന വില്പന ചരിത്രത്തിൽ ആദ്യമായി പ്രതിവർഷം മൂന്നുലക്ഷം യൂണിറ്റുകളെന്ന നേട്ടംകൊയ്‌തു. കഴിഞ്ഞവർഷം 3.11 ലക്ഷവും 2020ൽ 1.19 ലക്ഷവും 2019ൽ 1.61 ലക്ഷവും യൂണിറ്റുകളായിരുന്നു വില്പന.

ഡിസംബറിൽ മാത്രം 50,889 ഇ-വാഹനങ്ങൾ പുതുതായി നിരത്തിലെത്തി. നവംബറിനേക്കാൾ 21 ശതമാനവും 2020 ഡിസംബറിനേക്കാൾ 240 ശതമാനവുമാണ് വർദ്ധന. വില്പന ഒരുമാസം 50,000 യൂണിറ്റുകൾ കടന്നതും ആദ്യമാണ്.

 ഡിസംബറിലെ മൊത്തം ഇ-വില്പനയിൽ 24,725 എണ്ണം ടൂവീലറുകളും 23,373 എണ്ണം ത്രീവീലറുകളും 2,522 എണ്ണം കാറുകളുമാണ്.