
തിരുവനന്തപുരം: പേട്ടയിൽ 19കാരനായ അനീഷ് ജോർജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സൈമൺ ലാലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മകളുടെ സുഹൃത്തായ അനീഷ് ജോർജ് വീട്ടിലേക്ക് വരുമെന്ന് സൈമണ് ധാരണയുണ്ടായിരുന്നു. അനീഷിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സൈമൺ അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ലെന്ന് പേട്ട സി.ഐ റിയാസ് രാജ അറിയിച്ചു.
മകളുമായി അനീഷിന് പ്രണയമുണ്ടായിരുന്നു. അനീഷ് മകളുടെ മുറിയിലെത്തിയതറിഞ്ഞ് കത്തിയുമായി മുറിയുടെ കതക് തകർത്ത് അകത്തുകയറി അനീഷിനെ തടഞ്ഞുവച്ച് മുതുകിലും നെഞ്ചിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ വിവരം പ്രതി പൊലീസിനോട് പറഞ്ഞു. കൊലയ്‌ക്ക് ഉപയോഗിച്ച ആയുധം വീട്ടിലെ വാട്ടർ മീറ്ററിനുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
മകളുടെ മുറിയിൽ നിന്നും രാത്രിയിൽ പുറത്തിറങ്ങിയയാളെ കളളനെന്ന് കരുതി തടയാൻ ശ്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്‌തെന്നായിരുന്നു സംഭവദിവസം സൈമൺ ലാലൻ മൊഴി നൽകിയത്. എന്നാലിന്ന് കളവാണെന്ന് ആദ്യ അന്വേഷണത്തിൽ പൊലീസിന് മനസിലായി. അനീഷുമായി ലാലന് പരിചയമുണ്ടായിരുന്നെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്. ഡിസംബർ 29ന് പുലർച്ചെയാണ് പേട്ട സ്വദേശിയായ അനീഷ് ജോർജ് പെൺകുട്ടിയുടെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്.