
തിരുവനന്തപുരം: കോൺഗ്രസ് അനുകൂല പരാമർശത്തിൽ ബിനോയ് വിശ്വത്തിനെതിരെ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. കോൺഗ്രസ് വേദിയിൽ പോയി ഇങ്ങനെ പറയേണ്ടിയിരുന്നില്ല എന്നും, അത് പാർട്ടിയെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നു എന്നുമാണ് യോഗത്തിൽ അഭിപ്രായമുയർന്നത്.
കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടതു പക്ഷത്തിന് കഴിയില്ല എന്നും അതിനുള്ല കെൽപ്പ് ഇടത് പക്ഷത്തിന് ഇല്ല എന്നുമാണ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിലുള്ള തിരിച്ചറിവ് തങ്ങൾക്കുണ്ടെന്നും അതുകൊണ്ട് കോൺഗ്രസ് തകർന്നു പോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ കോൺഗ്രസിനല്ലാതെ മറ്റാർക്കും കഴിയില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. കൊച്ചിയിൽ നടന്ന പി ടി തോമസ് അനുസ്മരത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം.
കഴിഞ്ഞ ദിവസം ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ സി പി ഐ മുഖപത്രം പിന്തുണച്ചിരുന്നു. രാജ്യത്ത് രാഷ്ട്രീയ ബദൽ ഉണ്ടാക്കാൻ കോൺഗ്രസ് അനിവാര്യമാണെന്നാണ് ജനയുഗം പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിന് സഹായകമാവുമെന്നും കോടിയേരി പറഞ്ഞു. അതിനു പിന്നാലെയാണ് ഇപ്പോൾ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നത്.