
പാറ്റ്‌ന: ലോകം മുഴുവൻ കൊവിഡ് മഹാമാരി പിടിമുറുക്കിയിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ ജനങ്ങൾക്ക് വാക്സിൻ നൽകി സുരക്ഷിതരാക്കാനുള്ള യജ്ഞത്തിലാണ് ഭരണകൂടങ്ങൾ. ഒന്നിന് പുറകെ മറ്റൊന്നായി കൊവിഡിന്റെ പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഡെൽറ്റയ്ക്ക് പിന്നാലെ ഒമിക്രോൺ ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിച്ചുകൊണ്ടിരിക്കുന്നു. പുതിയ വില്ലനായി കൊറോണയുടെയും ഇൻഫ്ളൂവൻസയുടെയും സങ്കരമായ ഫൂറോണയും എത്തിയിരിക്കുന്നു.
ഇതിൽ നിന്നൊക്കെ രക്ഷനേടാൻ ഏറ്റവും പ്രധാനം കൊവിഡ് വാക്സിൻ പൂർണമായും സ്വീകരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈകൾ എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കുന്നതുമൊക്കെയാണ്. വാക്സിൻ ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി പല ഭാഗങ്ങളിൽ നിന്നും ഉയർന്നുവരാറുണ്ട്. എന്നാൽ ഇതിന് വിപരീതമായി എൺപത്തിനാലുകാരനായ ബീഹാർ സ്വദേശി പതിനൊന്ന് തവണ വാക്സിൻ കുത്തിവയ്പ്പ് സ്വീകരിച്ചു എന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ബീഹാറിലെ മദേപുര ജില്ലയിൽ ഒറായി ഗ്രാമനിവാസിയായ ബ്രഹ്മദേവ് മണ്ഡൽ എന്നയാൾ പന്ത്രണ്ടാമത്തെ വാക്സിൻ സ്വീകരിക്കാൻ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. തന്നിൽ വാക്സിൻ നല്ല ഫലപ്രദമായതുകൊണ്ടാണ് തുടരെ തുടരെ വാക്സിൻ സ്വീകരിച്ചതെന്ന് മണ്ഡൽ പറഞ്ഞു. വിരമിച്ച തപാൽ വകുപ്പ് ജീവനക്കാരനായ മണ്ഡൽ കഴിഞ്ഞ വർഷം ഫെബ്രുവരി പതിമൂന്നിനാണ് ആദ്യമായി വാക്സിൻ സ്വീകരിച്ചത്. ഫെബ്രുവരി പതിമൂന്നിനും ഡിസംബർ മുപ്പതിനും ഇടയിലായി പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് ഇയാൾ പതിനൊന്ന് തവണ വാക്സിൻ സ്വീകരിച്ചത്. താൻ വാക്സിനെടുത്ത തീയതിയും സമയവും സ്ഥലവും വരെ ഇയാൾ രേഖപ്പെടുത്തി വച്ചിട്ടുണ്ട്.
ഇത്തരത്തിൽ ഒരാൾ തുടർച്ചയായി വാക്സിൻ സ്വീകരിച്ചത് വലിയ വിമർശനം ഉയർത്തുകയാണ്. ആദ്യത്തെ എട്ട് തവണ മണ്ഡൽ സ്വന്തം ആധാർ കാർഡും ഫോൺ നമ്പറും വാക്സിൻ കേന്ദ്രത്തിൽ സമർപ്പിച്ചപ്പോൾ ബാക്കി മൂന്ന് തവണ തന്റെ വോട്ടർ ഐഡിയും ഭാര്യയുടെ ഫോൺ നമ്പറുമാണ് ഉപയോഗിച്ചത്.
ഓഫ്‌ലൈനായി വാക്സിൻ നൽകുന്ന കേന്ദ്രത്തിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്താൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ തിരിച്ചറിയൽ രേഖയുടെ വിവരങ്ങളും ഫോൺ നമ്പറും ശേഖരിച്ച ശേഷം പിന്നീട് ഡാറ്റാ ബേസിൽ ചേർക്കാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഇതൊക്കെ തള്ളിക്കളയുകയും ചെയ്യും. ഇത് ആളുകൾക്ക് തട്ടിപ്പ് നടത്താൻ അവസരമൊരുക്കുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മണ്ഡൽ ഇത്രയധികം വാക്സിനുകൾ എങ്ങനെ സ്വീകരിച്ചു എന്നതിനെപ്പറ്റി അന്വേഷണം ഉടനുണ്ടാകുമെന്ന് മദേപുര ജില്ല സിവിൽ സർജൻ അമരേന്ദ്ര പ്രതാപ് ഷാഹി അറിയിച്ചു.