pujara-rahane

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ തകർന്നുകൊണ്ടിരുന്ന ഇന്ത്യൻ ബാറ്റിംഗിന് ജീവവായു നൽകിയ പ്രകടനമായിരുന്നു ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും നടത്തിയത്. 44ന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങലിലായ ഇന്ത്യയെ കരകയറ്റുക എന്ന ജോലിയായിരുന്നു ഇരുവ‌‌ർക്കും ഉണ്ടായിരുന്നത്. പൂജാരയുടെയും രഹാനെയുടെയും കഴിവിലും പ്രതിഭയിലും ആർക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും ഇരുവരുടെയും നിലവിലെ ഫോമിൽ ഇത് സാധിക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു.

എന്നാൽ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്ത ഇരുവരും ഇന്ത്യയെ താരതമ്യേന സുരക്ഷിതമായ നിലയിൽ എത്തിച്ച ശേഷമാണ് പുറത്തായത്. ഇന്ത്യൻ സ്കോർ 155ൽ എത്തിയപ്പോൾ രഹാനെയും 163ൽ വച്ച് പൂജാരയും പുറത്തായി. പൂജാര 53ഉം രഹാനെ 58 റണ്ണും എടുത്തു. അതേസമയം ഇരുവർക്കും വമ്പൻ സ്കോറുകൾ നേടാൻ സാധിച്ചില്ലെന്നത് ഒരു പോരായ്മയായി തന്നെ നിൽക്കുകയാണ്. എന്നാൽ ബൗളർമാരെ അകമഴിഞ്ഞ് സഹായിക്കുന്ന വാണ്ടറേഴ്സ് പിച്ചിൽ അർദ്ധസെഞ്ച്വറി നേടിയത് തന്നെ വലിയകാര്യമായി കാണുന്നവരുമുണ്ട്.

നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ പിൻഗാമികളായാണ് പൂജാരയേയും രഹാനെയും ഇന്ത്യൻ ആരാധകർ കാണുന്നത്. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ഇരുവരേയും പിന്തുണച്ച് സംസാരിച്ച ദ്രാവിഡ് രണ്ട് താരങ്ങളും ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. നെറ്റ്സിൽ ഇരുതാരങ്ങൾക്കുമൊപ്പം ദ്രാവിഡ് ദീർഘനേരം ചെലവഴിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരുപക്ഷേ അതിന്റെ ഫലമാകാം ഈ മടങ്ങിവരവ്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റണ്ണെടുത്തിട്ടുണ്ട്. ഹനുമാ വിഹാരിയും ശാർദൂൽ താക്കൂറുമാണ് ക്രീസിൽ. നിലവിൽ 161 റൺസിന്റെ ലീഡ് ഇന്ത്യക്ക് സ്വന്തമായുണ്ട്. 200ന് മേലെ ലീഡ് സ്വന്തമാക്കാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചാൽ വിജയപ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് സാധിക്കും. സീമർമാരെ തുണയ്ക്കുന്ന പിച്ചിൽ ബുമ്രയേയും ഷമിയേയും ശാർദൂലിനെയും നേരിടുക ദക്ഷിണാഫ്രിക്കയ്ക്ക് അത്ര എളുപ്പമായിരിക്കില്ല.